തിരുവനന്തപുരം: ദേശീയ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ട കേരള ടീമിന് ദുരിതയാത്ര സമ്മാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 29 ആൺകുട്ടികളും 27 പെൺകുട്ടികളും ആറ് ഒഫിഷ്യലുകളുമടങ്ങുന്ന സംഘത്തിന് ഡൽഹി യാത്രക്ക് കേരള എക്സ്പ്രസിൽ സ്പെഷൽ ബോഗി വകുപ്പ് വാഗ്ദാനം ചെയ്തെങ്കിലും അധികാരികളുടെ വാക്ക് വിശ്വസിച്ച് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടികൾക്കും പരിശീലകർക്കും ലഭിച്ചത് സൂചി കുത്താൻ ഇടമില്ലാത്ത ജനറൽ കോച്ച്. ഒടുവിൽ തിക്കിലും തിരക്കിലും നിന്നും ഇരുന്നുമാണ് കേരളത്തിന്റെ അഭിമാനം കാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ ആദ്യദിനം കഴിച്ചുകൂട്ടിയത്.
ഒരുമാസം മുമ്പാണ് ദേശീയ സ്കൂൾ ഗെയിംസിനോടനുബന്ധിച്ചുള്ള നീന്തൽ മത്സരത്തിനുള്ള അറിയിപ്പ് വിദ്യാഭ്യാസവകുപ്പിന് ലഭിച്ചത്. ജനുവരി മൂന്നിന് ആരംഭിക്കുന്ന മത്സരങ്ങൾക്കായി 62 അംഗസംഘത്തിന് സ്പെഷൽ ബോഗി അനുവദിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകാനുള്ള ചുമതല വകുപ്പിനായിരുന്നു. എന്നാൽ, കത്ത് നൽകിയതല്ലാതെ തുടർനടപടി സ്വീകരിച്ചില്ലെന്നാണ് കായികതാരങ്ങളുടെയും രക്ഷിതാക്കളുടെയും ആരോപണം. ഉച്ചക്ക് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സ്പെഷൽ ബോഗി അനുവദിച്ചില്ലെന്ന വിവരം ഇവർ അറിഞ്ഞത്. ഇതോടെ, വിവിധ ജനറൽ കമ്പാർട്ട്മെന്റുകളിലായി യാത്ര. കിടക്കാൻപോലും സൗകര്യമില്ലാത്ത കമ്പാർട്ട്മെന്റിൽ മൂന്ന് ദിവസത്തെ യാത്രക്ക് ശേഷം മത്സരത്തിനിറങ്ങുക വെല്ലുവിളിയാകുമെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവം വിവാദമായതോടെ താരങ്ങൾക്കും പരിശീലകർക്കും സീറ്റുകൾ ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.