തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിൽ ചരിത്രമെഴുതി തലസ്ഥാനം. 12 ദിനരാത്രങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരവേദികളിൽനിന്ന് 69 സ്വർണമടക്കം 166 മെഡലുകൾ നേടിയാണ് ആതിഥേയർ വിജയകിരീടം ചൂടിയത്. 32 സ്വർണമടക്കം 91 മെഡലുകളുമായി എറണാകുളവും 59 മെഡലുകളുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി.
മേളക്ക് ഇന്ന് കൊടിയിറങ്ങും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനാകും.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടന്നിരുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് ചാമ്പ്യന്മാരായി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ തൃശൂരിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നേടിയത്. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതിനെതുടര്‍ന്ന് ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുകയായിരുന്നു.
അഞ്ചു ഗോൾ നേടിയ മലപ്പുറത്തിന്റെ മുഹമ്മദ് അന്ജലാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍. പത്തനംതിട്ടയുടെ പ്രണവാണ് മികച്ച ഗോള്‍കീപ്പര്‍. തൃശൂരിന്റെ പ്രതിരോധതാരം അഹമ്മദ് സ്വബീഹ് മികച്ച ഡിഫന്‍ഡറായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ ഇ.കെ. ഹാരിസാണ് മികച്ച മിഡ്ഫീല്‍ഡര്‍. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റനിര കളിക്കാരനുള്ള പുരസ്കാരം കോഴിക്കോടിന്റെ ജസീല്‍ സ്വന്തമാക്കി. കാസർകോടിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മലപ്പുറം ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരായി. ജൂഡോ മത്സരങ്ങളിൽ തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാര്. ഏഴ് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 14 മെഡലുകള്‍ നേടിയാണ് തൃശൂര്‍ കിരീടം നേടിയത്.
രണ്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പടെ ഒമ്പത് മെഡലുകൾ നേടിയ എറണാകുളം ജില്ലക്കാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്ത് എത്തി. ആര്‍ച്ചറി മത്സരത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാര്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഉൾപ്പെടെ അഞ്ച് മെഡലുകള്‍ നേടിയാണ് കണ്ണൂര്‍ ജില്ല ആര്‍ച്ചറി മത്സരത്തില്‍ കിരീടം നേട്ടം സ്വന്തമാക്കിയത്.
രണ്ടു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പടെ മൂന്ന് മെഡലുകള്‍ നേടിയ തൃശൂര്‍ ജില്ല രണ്ടാം സ്ഥാനം നേടി. ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയ വയനാട് ജില്ല രണ്ടു മെഡലോടെ മൂന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.