കൊച്ചി: അത്ലറ്റിക്സും ഗെയിംസും ഒരുമിച്ചുവരുന്ന സ്കൂൾ ഒളിമ്പിക്സിന്റെ ആദ്യ എഡിഷൻ എറണാകുളത്ത്. പൊതുവിദ്യാഭ്യാസ മന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചത് മുതൽ ആവേശത്തിലാണ് എറണാകുളം ജില്ലയിലെ കായികലോകം. നാലു വർഷത്തിലൊരിക്കലാണ് കായികമേള സ്കൂൾ ഒളിമ്പിക്സ് എന്ന രൂപത്തിൽ നടത്തുക. നിലവിൽ എറണാകുളം ജില്ലയിലാണെന്നും ഒക്ടോബർ 18 മുതൽ 22 വരെ നീണ്ടുനിൽക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഒളിമ്പിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനായി ഉടൻ തന്നെ ഉന്നത യോഗം ചേരുമെന്നാണ് മന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചത്. എറണാകുളം ജില്ലയിൽ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് തീരുമാനിക്കാനുള്ളത്.
എറണാകുളം ജില്ലയിൽ കായികസംബന്ധമായ പരിപാടികളുടെ വേദി പരിഗണനകളിൽ എന്നും ഒന്നാം സ്ഥാനത്തുള്ളത് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മഹാരാജാസ് കോളജ് ഗ്രൗണ്ട് ആണ്. എന്നാൽ, നിലവിൽ ഗ്രൗണ്ടിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സിന്തറ്റിക് ട്രാക്ക് പൊളിച്ചുമാറ്റി പുതിയ സിന്തറ്റിക് ട്രാക്ക് ഒരുക്കുന്നതാണ് ഇതിൽ പ്രധാനം.
എന്നാൽ, ഈ പ്രവൃത്തി, സ്കൂൾ ഒളിമ്പിക്സിനായി പ്രഖ്യാപിച്ച തിയ്യതിക്കു മുമ്പായി പൂർത്തിയാവില്ലെന്നാണ് സൂചന. ഇക്കഴിഞ്ഞ മാർച്ചിലാണ് ഗ്രൗണ്ടിൽ പുതിയ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രേറ്റ് സ്പോർട്സ് ടെക് ലിമിറ്റഡാണ് കരാറെടുത്ത് നിർമാണം നടത്തുന്നത്.
നിലവിൽ ട്രാക്കിലെ ടാറിങ് പൂർത്തിയായിട്ടുണ്ട്. എന്നാൽ, പ്രതികൂല കാലാവസ്ഥ മൂലം സിന്തറ്റിക് ട്രാക്ക് ആക്കുന്നതിന്റെ പ്രവർത്തനങ്ങൾ തുടങ്ങാനാവാത്ത സ്ഥിതിയാണ്. മൂന്ന് ലെയർ ഉള്ള സിന്തറ്റിക് ട്രാക്കിന്റെ ജോലികൾക്കായി മഴ പൂർണമായി മാറി വെയിൽ തെളിയേണ്ടതുണ്ട്.
ഈർപ്പമോ നനവോ ഒട്ടും ഉണ്ടാവാനും പാടില്ല. 400 മീറ്റർ ട്രാക്കിന്റെ ജോലികൾ യന്ത്രസഹായമില്ലാതെ, പൂർണമായി മനുഷ്യാധ്വാനം ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ഇതിനായി ഒരുമാസമെടുക്കുമെന്ന് പ്രവൃത്തികൾക്ക് മേൽനോട്ടം നൽകുന്ന എൻജിനീയർ നൗഫൽ സൈനുദ്ദീൻ വ്യക്തമാക്കി. സെപ്തംബർ മാസത്തിലേക്ക് മഴക്കാലം അവസാനിച്ചാൽ തന്നെ ഒരുമാസം പൂർണമായി സിന്തറ്റിക് ജോലികൾക്കായി വേണ്ടിവരും.
ഇതിനുള്ള സിന്തറ്റിക് ഗ്രാന്യൂൾസ് ഉൾപ്പെടെ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത് ചെന്നൈയിലെത്തിയിട്ടുണ്ട്. നിലവിൽ, സ്കൂൾ ഒളിമ്പിക്സ് വേദിക്കായി മഹാരാജാസ് ഗ്രൗണ്ട് ഒരുക്കണമെന്ന നിർദേശമൊന്നും കരാർ കമ്പനിക്ക് ലഭിച്ചിട്ടില്ല. നിലവിൽ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് പുല്ല് വെട്ടുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്.
മഹാരാജാസ് ഗ്രൗണ്ടിനൊപ്പം തന്നെ കായികമത്സരങ്ങളുടെ മാപ്പിലെ മുഖ്യസ്ഥാനം കോതമംഗലം മാർ അത്തനേഷ്യസ് കോളജിനുമുണ്ട്. കോളജിന്റെ 63 ഏക്കറിലധികം വരുന്ന ഭൂമി അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു.
എം.ജി സർവകലാശാല അത്ലറ്റിക് മീറ്റ്, സന്തോഷ് ട്രോഫി പരിശീലന ക്യാമ്പ്, വിവിധ പരിശീലന ക്യാമ്പുകൾ തുടങ്ങി നിരവധി കായികമേളകൾ സ്ഥിരമായി അരങ്ങേറുന്ന വേദിയാണ് എം.എ കോളജ് ഗ്രൗണ്ട്. വിവിധ ട്രാക്കുകൾ കൂടാതെ ഫുട്ബാൾ ഫീൽഡ്, സ്വിമ്മിങ് പൂൾ, ബാഡ്മിൻറൺ ഗ്രൗണ്ട്, ബാസ്കറ്റ്ബാൾ ഗ്രൗണ്ട്, വോളിബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. നാടെങ്ങും അറിയപ്പെടുന്ന ഒട്ടനവധി കായികതാരങ്ങളെ വളർത്തിയെടുത്ത ഭൂമിക കൂടിയാണിവിടം.
എന്നാൽ, എറണാകുളം നഗരത്തിൽ എല്ലാവർക്കും എത്തിപ്പെടാൻ എളുപ്പമുള്ള, മഹാരാജാസ് ഗ്രൗണ്ടിനെ ഒഴിവാക്കി ഈ വേദി തെരഞ്ഞെടുക്കുമോയെന്ന ആശങ്കയും ഒരുഭാഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.