2034 ലോകകപ്പ്​ ആതിഥേയത്വം; സൗദി ഫിഫക്ക്​ നാമനിർദേശം സമർപ്പിച്ചു

ജിദ്ദ: 2034 ലോകകപ്പിന് ആതിഥേയത്വം തേടി സൗദി അറേബ്യ ഔദ്യോഗിക നാമനിർദേശം​ ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്​ബാളിന് (ഫിഫ) അയച്ചതായി സൗദി ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ കഴിഞ്ഞ ബുധനാഴ്​ചയാണ്​ നടത്തിയത്​. ഫുട്ബാൾ രംഗത്ത്​ നിക്ഷേപം നടത്താനുള്ള രാജ്യത്തി​െൻറ താൽപ്പര്യമാണ് ഇതിന്​ പിന്നിൽ. അസാധാരണമായ ഒരു ലോകകപ്പ്​ സംഘടിപ്പിക്കുന്നതിലൂടെ കളിക്കാർക്കും ഉദ്യോഗസ്ഥർക്കും ആരാധകർക്കും ആവേശകരമായ ഫുട്ബാൾ അനുഭവങ്ങൾ സമ്മാനിക്കാനാണ്​ രാജ്യം താൽപര്യപ്പെടുന്നത്​.

ലോകകപ്പിന്​ ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക്​ നാന്ദി കുറിക്കുന്നതാണ്​ നാമനിർദേശമെന്ന്​ സൗദി ഫുട്ബാൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും ഫിഫ കൗൺസിൽ അംഗവുമായ യാസർ ബിൻ ഹസൻ അൽമിസ്​ഹൽ പറഞ്ഞു. മത്സരം സംഘടിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ സ്വാഗതം ചെയ്യുന്നതിനുമുള്ള സൗദിയുടെ താൽപര്യവും ശേഷിയും അവതരിപ്പിക്കുന്ന ഒരു സമ്പൂർണ നാമനിർദേശ പത്രികയാണ്​ സമർപ്പിച്ചതെന്നും അൽമിസ്​ഹൽ കൂട്ടിച്ചേർത്തു.

സൗദി ഫുട്ബാൾ ഫെഡറേഷ​െൻറ പ്രഖ്യാപനം നടന്ന്​ 72 മണിക്കൂറിനുള്ളിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന്​ 70 ലധികം ഫുട്​ബാൾ ഫെഡറേഷനുകളാണ്​ സൗദിക്ക്​ പിന്തുണ അറിയിച്ചത്​​. ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുന്നതിന് വിവിധ രാജ്യങ്ങൾ പിന്തുണ അറിയിച്ച്​ പ്രസ്താവനകളിറക്കിയിട്ടുണ്ട്​. സൗദി അറേബ്യക്ക് വിപുലമായ അനുഭവവും പ്രധാന കായിക മത്സരങ്ങൾക്ക്​ ആതിഥേയത്വം വഹിക്കുന്നതിൽ വിജയം തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും ഉണ്ട്.

സൗദി ആതിഥേയത്വം വഹിക്കുന്ന കായികയിനങ്ങളുടെ പട്ടികയിൽ വിവിധ ഗെയിമുകളുണ്ട്​. പുരുഷ, സ്​ത്രീ പ്രമുഖ കായികതാരങ്ങളുടെ സാന്നിധ്യമുള്ള ഫുട്​ബാൾ, മോട്ടോർ സ്പോർട്സ്, ടെന്നീസ്, കുതിരസവാരി, ഇ-സ്പോർട്സ്, ഗോൾഫ്, മറ്റ് അന്താരാഷ്​ട്ര കായിക വിനോദങ്ങൾ എന്നിവ അതിലുൾപ്പെടുന്നു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അൽമിസ്​ഹൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.