2034 ലോകകപ്പ് ആതിഥേയത്വം; സൗദി ഫിഫക്ക് നാമനിർദേശം സമർപ്പിച്ചു
text_fieldsജിദ്ദ: 2034 ലോകകപ്പിന് ആതിഥേയത്വം തേടി സൗദി അറേബ്യ ഔദ്യോഗിക നാമനിർദേശം ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബാളിന് (ഫിഫ) അയച്ചതായി സൗദി ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ കഴിഞ്ഞ ബുധനാഴ്ചയാണ് നടത്തിയത്. ഫുട്ബാൾ രംഗത്ത് നിക്ഷേപം നടത്താനുള്ള രാജ്യത്തിെൻറ താൽപ്പര്യമാണ് ഇതിന് പിന്നിൽ. അസാധാരണമായ ഒരു ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെ കളിക്കാർക്കും ഉദ്യോഗസ്ഥർക്കും ആരാധകർക്കും ആവേശകരമായ ഫുട്ബാൾ അനുഭവങ്ങൾ സമ്മാനിക്കാനാണ് രാജ്യം താൽപര്യപ്പെടുന്നത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് നാന്ദി കുറിക്കുന്നതാണ് നാമനിർദേശമെന്ന് സൗദി ഫുട്ബാൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും ഫിഫ കൗൺസിൽ അംഗവുമായ യാസർ ബിൻ ഹസൻ അൽമിസ്ഹൽ പറഞ്ഞു. മത്സരം സംഘടിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ സ്വാഗതം ചെയ്യുന്നതിനുമുള്ള സൗദിയുടെ താൽപര്യവും ശേഷിയും അവതരിപ്പിക്കുന്ന ഒരു സമ്പൂർണ നാമനിർദേശ പത്രികയാണ് സമർപ്പിച്ചതെന്നും അൽമിസ്ഹൽ കൂട്ടിച്ചേർത്തു.
സൗദി ഫുട്ബാൾ ഫെഡറേഷെൻറ പ്രഖ്യാപനം നടന്ന് 72 മണിക്കൂറിനുള്ളിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് 70 ലധികം ഫുട്ബാൾ ഫെഡറേഷനുകളാണ് സൗദിക്ക് പിന്തുണ അറിയിച്ചത്. ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുന്നതിന് വിവിധ രാജ്യങ്ങൾ പിന്തുണ അറിയിച്ച് പ്രസ്താവനകളിറക്കിയിട്ടുണ്ട്. സൗദി അറേബ്യക്ക് വിപുലമായ അനുഭവവും പ്രധാന കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ വിജയം തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും ഉണ്ട്.
സൗദി ആതിഥേയത്വം വഹിക്കുന്ന കായികയിനങ്ങളുടെ പട്ടികയിൽ വിവിധ ഗെയിമുകളുണ്ട്. പുരുഷ, സ്ത്രീ പ്രമുഖ കായികതാരങ്ങളുടെ സാന്നിധ്യമുള്ള ഫുട്ബാൾ, മോട്ടോർ സ്പോർട്സ്, ടെന്നീസ്, കുതിരസവാരി, ഇ-സ്പോർട്സ്, ഗോൾഫ്, മറ്റ് അന്താരാഷ്ട്ര കായിക വിനോദങ്ങൾ എന്നിവ അതിലുൾപ്പെടുന്നു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അൽമിസ്ഹൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.