മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച തുടക്കംകുറിക്കവെ ടീമുകൾ എത്തിത്തുടങ്ങി. ആതിഥേയരായ കേരളമടക്കം ഏഴ് സംഘങ്ങളും ഇവരുടെ ഒഫീഷ്യൽസും ബുധനാഴ്ചയെത്തി.
ഹൃദ്യമായ വരവേൽപാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും താമസസ്ഥലത്തും സംഘാടകർ ഒരുക്കിയത്. ആദ്യമെത്തിയത് പഞ്ചാബാണ്. പുലർച്ച രണ്ടിന് ഇവർ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ ഇറങ്ങി.
രാവിലെ 7.30ന് കരിപ്പൂർ വിമാനത്താവളത്തിൽ മണിപ്പൂരിന് സംഘാടക സമിതി വിപുലമായ സ്വീകരണം നൽകി. ഒഡിഷ, രാജസ്ഥാൻ, ബംഗാൾ, മേഘാലയ ടീമുകളും ബുധനാഴ്ചയെത്തി. വ്യാഴാഴ്ച ഗുജറാത്ത്, കര്‍ണാടക, സര്‍വിസസ് സംഘങ്ങളും വരുന്നതോടെ പട്ടിക പൂർണമാവും.
മഞ്ചേരി, മലപ്പുറം മേൽമുറി, തിരൂരങ്ങാടി തലപ്പാറ എന്നിവിടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച താരങ്ങൾ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരായി. വിശ്രമം കഴിഞ്ഞ് വ്യാഴാഴ്ച പരിശീലനം തുടങ്ങും. ബുധനാഴ്ച വൈകീട്ടാണ് ആതിഥേയ സംഘം കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലെത്തിയത്. കഴിഞ്ഞ രാത്രി എടവണ്ണയിൽ ഐ.എസ്.എൽ ഇലവനെ രണ്ടിനെതിരെ ആറ് ഗോളിന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് കേരളം. മാറ്റങ്ങളുമായി ഇറങ്ങുന്ന ടീമിന് ഇടവേളക്ക് ശേഷം കിരീടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ പ്രേമികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി എട്ടിന് രാജസ്ഥാനാണ് ആദ്യ എതിരാളികൾ. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയമാണ് ചാമ്പ്യൻഷിപ്പിന്‍റെ മറ്റൊരു വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.