ഫുട്ബാളും പ്രവാസിയും തമ്മിലുള്ള രസതന്ത്രത്തിന്‍റെ മുമ്പെങ്ങും സംഭവിക്കാത്ത മനോഹര സാക്ഷാത്കാരമാണ് ജൂണ്‍ 11ന് ഇന്ത്യക്കെതിരെ നടക്കാന്‍ പോവുന്ന ഖത്തര്‍ ദേശീയ ടീമിന്‍റെ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള പ്രാഥമിക സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയായ തഹ്സീന്‍ മുഹമ്മദ് ജംഷിദിലൂടെ സംഭവ്യമാകുന്നത്
പണ്ടുപണ്ട്... ജീവിതസന്ധാരണം ലാക്കാക്കി ദിക്കറ്റ ദൂരയാത്രക്ക് പുറപ്പെട്ടുപോവുന്നവര്‍ തോള്‍സഞ്ചിയില്‍ കരുതുന്ന 'ഒടവായക്ക' പോലെയാണ് ഇന്നത്തെ മലയാളി പ്രവാസി പന്തുകളിയെ ജീവനോത്തേജനമാക്കി മുന്നോട്ട് നീങ്ങുന്നത്. ഫുട്ബാളും പ്രവാസിയും തമ്മിലുള്ള ആ രസതന്ത്രത്തിന്‍റെ മുമ്പെങ്ങും സംഭവിക്കാത്ത മനോഹരമായ സാക്ഷാത്കാരമാണ് ജൂണ്‍ 11ന് ഇന്ത്യക്കെതിരെ നടക്കാന്‍ പോവുന്ന ഖത്തര്‍ ദേശീയ ടീമിന്‍റെ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള പ്രാഥമിക സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയായ തഹ്സീന്‍ മുഹമ്മദ് ജംഷിദിലൂടെ സംഭവ്യമാകുന്നത്. അവന്‍ ഫസ്റ്റ് ഇലവനിലുണ്ടാവുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അല്‍ ദുഹൈല്‍ ക്ലബ് താരമായ പത്തൊമ്പതുകാരന്‍ മുമ്പ് തന്നെ ഖത്തറിന്‍റെ അണ്ടർ16, 17, 19 ദേശീയ ടീമിന്‍റെ ഭാഗമായി പടിപടിയായാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. മുന്‍ യൂനിവേഴ്സിറ്റി താരമായ പിതാവ് കണ്ണൂര്‍ വളപട്ടണത്തുകാരന്‍ ജംഷീദിന്‍റെ കൃത്യമായ മാർഗനിർദേശങ്ങളുടെ പിന്‍ബലത്തോടെ ദോഹ ആസ്പയര്‍ അക്കാദമിയിലാണ് തഹ്സീന്‍ പന്തുകളിയുടെ സമവാക്യങ്ങള്‍ സ്വായത്തമാക്കിയത്.
തഹ്സീന്‍റെ ഈ നേട്ടത്തെ അലതല്ലി ആഘോഷിക്കുന്നതിനപ്പുറത്തേക്ക് നമ്മുടെ അക്കാദമികള്‍ക്കും പരിശീലകര്‍ക്കും പ്രതിഭകള്‍ക്കും ഇതൊരു 'കണ്‍തുറവി' നല്‍കേണ്ട വിഷയമാണ്. 2014ല്‍ സ്കൂള്‍ തലത്തില്‍ ബ്രസീലിയന്‍ സ്കൂളിനോട് ഫൈനല്‍ കളിച്ച, സ്കലോണിയുടെ അര്‍ജന്‍റീന ജൂനിയര്‍ ടീമിനെതിരെ ജയിച്ച, പ്രീമിയര്‍ ലീഗ് ജൂനിയര്‍ ടീമുകളോട് ന്യൂജെന്‍ കപ്പില്‍ പോരടിക്കുന്ന ജൂനിയർ പ്രതിഭകളുടെ ബാഹുല്യമുള്ള നമ്മള്‍ സീനിയര്‍ തലത്തില്‍ ഒരു ഗോളിനായി ഇന്നും സുനില്‍ ഛേത്രിയിലേക്ക് ഉറ്റുനോക്കുവാന്‍ എന്താണ് കാരണം എന്നതിന്‍റെ ഉത്തരം തേടാനുള്ള വഴി തഹ്സീന്‍റെ ഈ നേട്ടം തുറന്നിട്ടേക്കാം. സന്തോഷ് ട്രോഫി ടീം, യൂനിവേഴ്സ്റ്റി ടീം, ഐ.എസ്.എൽ, ഐ ലീഗ് ക്ലബുകളിലേക്ക് പ്രവേശനം കിട്ടിയാല്‍ തന്നെ അതിരുവിട്ടാഘോഷിക്കുന്നതിനപ്പുറം കുട്ടികളെ ഗൈഡ് ചെയ്യുന്നവര്‍ക്കെല്ലാം ഒരു ഇന്ത്യന്‍ വംശജന്‍റെ പടിപടിയായ ഈ വളര്‍ച്ച ഒരു കേസ് സ്റ്റഡിയാണ്.
ഐ.എസ്.എൽ, ഐ ലീഗ് ടീമുകളുടെ ഭാഗമായ പലരും ചൂണ്ടിക്കാട്ടുന്നത് വ്യക്തമായ ഇന്‍ഡിവിജ്വല്‍ ഡെവലപ്മെന്‍റ് സിസ്റ്റം ഉള്ള ഇടങ്ങള്‍ തുച്ഛമാണെന്നതാണ്. അവരുടെ പ്രൈമറി ഡിമാന്‍റുകള്‍ക്കനുസൃതമായ ഒരു ജനറല്‍ ടീം പ്രോഗ്രാം ആണ് ഇത്തരം പ്രഫഷനല്‍ ക്ലബുകളില്‍ സ്വാഭാവികമായി നടക്കുന്നത്. ചില പ്രതിഭകള്‍ അതിനോട് നന്നായി ഇഴുകിച്ചേര്‍ന്നേക്കാം. അല്ലാത്തവരുടെ വ്യക്തിഗതമായ വളര്‍ച്ച അവരവരുടെ വഴികള്‍ തേടിപ്പിടിക്കാനുള്ള മനോനിലക്കനുസരിച്ചിരിക്കും. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഏറ്റവും മികച്ച ആവാസവ്യൂഹത്തിനുള്ളില്‍ നില്‍ക്കുമ്പോഴും തന്‍റെ സൂക്ഷ്മതല പിഴവുകളെ കണ്ടെത്തി മാറ്റിയെടുക്കാന്‍ പുറത്തുനിന്ന് 'ഇന്‍ഡിവിജ്വല്‍ പ്ലെയര്‍ ഡെവലപ്മെന്‍റ്' പരിശീലകരുടെ കണ്‍സൽട്ടേഷനെടുക്കുന്ന കെവിന്‍ ഡിബ്രൂയ്നെ പോലെയുള്ള പതിനായിരക്കണക്കിന് കളിക്കാരുടെ ലോകമാണ് ഇന്നത്തെ പ്രഫഷനല്‍ ഫുട്ബാള്‍. ആ കടലിന്‍റെ വക്കത്ത് നോക്കിനില്‍ക്കുന്നവനുപോലും സ്വന്തം ക്വാളിറ്റി ഡെവലപ്മെന്‍റിനെ കുറിച്ച് ഉറച്ച ബോധ്യമുണ്ടാവണം.
ഐ.എസ്.എൽ ടീമിലേക്ക് വിളിവരുന്ന ഒരു കളിക്കാരന്‍ സ്വയം ചോദിക്കേണ്ടത് താന്‍ എത്രത്തോളം പ്രസ്തുത ക്ലബിന്‍റെ പ്രൈം പ്രോജക്റ്റില്‍ ഗുണപരമായ സംഭാവനകള്‍ നല്‍കി നിലനില്‍ക്കാനാവും, അതിന് വ്യക്തിപരമായി എന്തെല്ലാം തയാറെടുപ്പുകളിലൂടെ കടന്ന് പോവണം എന്നൊക്കെയാവണം. അത്തരം ക്രിയാത്മക ചിന്തകളിലേക്ക് ഒരു പ്രതിഭയുടെ അനുദിനപ്രവര്‍ത്തനങ്ങളെ വഴിതിരിച്ച് വിടാന്‍ പരിശീലകര്‍ക്കും അക്കാദമികള്‍ക്കും കഴിഞ്ഞാല്‍ നമ്മുടെ റൂട്ട് മാപ്പ് നേർവഴിയിലാണെന്ന് കരുതാം. അന്ന് പുതിയ തഹ്സീനുമാര്‍ നമ്മുടെ നാട്ടില്‍ നിന്നും ദേശാന്തരങ്ങള്‍ കടന്ന് മൈതാനങ്ങള്‍ക്ക് കളിമിഴിവേകും.
പ്രതിഭയില്‍ അത്രയൊന്നും പിറകിലല്ലാത്ത നമ്മുടെ കുട്ടികളിലേക്ക് കുത്തിവെക്കേണ്ടത് നിങ്ങള്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന കേവല പരിശീലന നിർദേശങ്ങളിലൊതുങ്ങരുത്. ഫുട്ബാളും പരിശീലനവും അതിനെ പറ്റിയുള്ള ആത്മാർഥ ചിന്തകളും ഒരു പരിശീലകന്‍റെയുള്ളില്‍ ചട്ടക്കൂടുകള്‍ക്കപ്പുറത്തേക്ക് നൂല്‍ പൊട്ടിപ്പോയ, പുതിയ മാറ്റങ്ങള്‍ ലക്ഷ്യംവെക്കുന്ന ഒരു ബലൂണ്‍യാനം നിര്‍മിച്ചെടുക്കും. അനുഭവപ്പകര്‍ച്ചയുടെ ആ ബലൂണ്‍ യാത്രയിലേക്ക് തന്‍റെ കുട്ടികളെ കൂട്ടിക്കൊണ്ട് പോവുന്നവനാവണം ഒരു പരിശീലകന്‍. അയാളെ ഏറ്റവും ആധുനികവും അനുദിനം പരിണമിക്കുന്നതുമായ സകല പന്തുകളിസാങ്കേതങ്ങളും അനുഗമിക്കും. കാരണം അയാള്‍ രൂപപ്പെടുത്തുന്നത് ഒരു കായികസംസ്കാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.