ഗോവ: ഇതിനെക്കാൾ വലിയ തിരിച്ചുവരവ് സ്വപ്നങ്ങളിലെന്ന പോലൊരു കളിയിൽ ഇഞ്ച്വറി സമയത്ത് പിറന്ന മൂന്നു ഗോളുകളിൽ ഗോവയെ കടന്ന് മുംബൈ. ഇരു പകുതികളിലായി അടിച്ചുകയറ്റിയ രണ്ടു ഗോളുകളുമായി കളി കാലിലെടുത്ത എതിരാളികളെ ആറു മിനിറ്റിന്റെ ഇടവേളയിൽ മൂന്നുവട്ടം തോൽപിച്ചാണ് മുംബൈക്കാർ കലാശപ്പോരിലേക്ക് ഒരു ചുവട് അരികെയെത്തിയത്. ഐ.എസ്.എൽ സെമി ആദ്യ പാദത്തിൽ കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനെതിരെ ഒഡിഷ ജയം നേടിയിരുന്നു.
16ാം മിനിറ്റിൽ ഗോവക്കായി ബോറിസ് സിങ് ആണ് അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയിൽ ബ്രാൻഡൺ ഫെർണാണ്ടസും വല കുലുക്കി. പന്തടക്കത്തിൽ മുന്നിൽ നിൽക്കുകയും ഗോളവസരങ്ങളിൽ ഒപ്പം നിൽക്കുകയും ചെയ്തിട്ടും മുംബൈ ഒരുവട്ടം പോലും മടക്കാതെ കളി ഇഞ്ചുറി സമയത്തേക്ക്. തോൽവിയുറപ്പിച്ച് പാതിയടച്ച കണ്ണുകളുമായി അദ്ഭുതം കാത്തിരുന്ന ഗാലറിയെ സ്തബ്ധരാക്കി ഇഞ്ച്വറി സമയത്തിന്റെ ഒന്നാം മിനിറ്റിലായിരുന്നു മുംബൈ താരം ചാങ്തെ ആദ്യ വെടിപൊട്ടിച്ചത്.
മധ്യനിരയിൽനിന്ന് കിട്ടിയ പന്തുമായി കുതിച്ച ജയേഷ് റാണ നൽകിയ ഹൃദയഹാരിയായ പാസ് എത്തിയത് ചാങ്തെയുടെ കാലുകളിൽ. ആദ്യ ടച്ചിൽ എതിർ ഗോളി ധീരജിനെ നിസ്സഹായനാക്കിയ താരം വല കുലുക്കി. പ്രതീക്ഷയുടെ നേരിയ വെട്ടം വീണ മുംബൈ ക്യാമ്പ് നിയന്ത്രണം വിട്ടോടിയ അടുത്ത മിനിറ്റിൽ പിന്നെയും ഗോൾ പിറന്നു. പകരക്കാരൻ ഗുർകിരത് ഓടിയെടുത്ത് പായിച്ച ഷോട്ട് ധീരജ് തടുത്തിട്ടെങ്കിലും വീണുകിട്ടിയത് വിക്രമിന്റെ കാലുകളിൽ. അവസരം പാഴാക്കാതെ വിക്രം പന്ത് വലയിലെത്തിച്ചു. ഞെട്ടിയുണർന്ന ഗാലറി ആർത്തുവിളിച്ച അദ്ഭുത നിമിഷങ്ങളായിരുന്നു പിന്നെ.
ഇരു ടീമും രണ്ട് ഗോൾ വീതമടിച്ച ഒപ്പമെത്തിയ പോരാട്ടം അവിടെ അവസാനിക്കുമെന്നേ മുംബൈ ആരാധകർ പ്രതീക്ഷിച്ചുള്ളൂ. റഫറി അവസാന വിസിലിന് ഒരുങ്ങി നിൽക്കെ ആ ഗോളുമെത്തി. ജയേഷ് റാണയെന്ന മധ്യനിര അതികായനായിരുന്നു ഇത്തവണയും ഹീറോ. വലയം ചെയ്തുനിന്ന എതിർപ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിനു മുന്നിൽ ചാങ്തെക്ക് പന്ത് കൈമാറുന്നു. ഇടംകാലൻ ടച്ചിൽ പന്ത് വല കുലുക്കുന്നു.
ശരിക്കും വീണുപോയ ഗോവ ഗോളിയും താരങ്ങളും സാക്ഷിനിൽക്കെ മുംബൈ അലകടലായി ആഘോഷത്തിലേക്ക്. കളി അവസാനിരിക്കെ നടത്തി സബ്സ്റ്റിറ്റ്യുഷനുകളുമായി കോച്ച് പീറ്റർ ക്രാറ്റ്കി നടത്തിയ മാറ്റങ്ങളാണ് ശരിക്കും ഗോവയെ തുണക്കുമായിരുന്ന ഫലം മുംബൈക്ക് അനുകൂലമാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.