മലപ്പുറം: 1990 മാർച്ച് 25 ജില്ലയുടെ നാനാഭാഗങ്ങളിൽനിന്ന് ആളുകൾ പാർട്ടി സമ്മേളനത്തിനെന്ന പോലെ ജീപ്പുകളിലും മറ്റു വാഹനങ്ങളിലും തൂങ്ങിപ്പിടിച്ച് ഉച്ചക്ക് തന്നെ മലപ്പുറത്തേക്ക് തിരിച്ചു. വൈകുന്നേരം കോട്ടപ്പടിയിൽ സംസ്ഥാന സീനിയർ ഫുട്ബാൾ മലപ്പുറം-കണ്ണൂർ കിരീടപ്പോരാട്ടം നടക്കുന്നു.
കളി തുടങ്ങി. ഒമ്പതാം മിനിറ്റിൽ സുൽഫിക്കർ അലി നേടിയ ഗോളിൽ ആതിഥേയർ ലീഡ് പിടിച്ചു. 54ാം മിനിറ്റ്, സ്റ്റോപ്പർ ബാക്ക് ഹമീദ് ഉയർത്തിയടിച്ച പന്ത് ബോക്സിൽ വീണ് കുത്തിപ്പൊങ്ങി. കൈപ്പിടിയിലൊതുക്കാൻ മുന്നോട്ടു കയറിയ ഗോളിയെ കബളിപ്പിച്ച് സ്ട്രൈക്കർ റഫീഖ് ഹസൻ പന്ത് വലയിലാക്കി. 85ാം മിനിറ്റിൽ സുൽഫിക്കർ രണ്ടാം ഗോളും കണ്ടെത്തി. 3-0ന് ജയിച്ച് ആദ്യമായി മലപ്പുറം സീനിയർ കിരീടത്തിൽ ചുംബിച്ചു. റഫീഖ് ഹസനെന്ന ചാട്ടുളിയെ കേരളം പരിചയപ്പെട്ട ചാമ്പ്യൻഷിപ്.
1989ലും 90ലും കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലും അംഗമായിരുന്നു റഫീഖ്. ശാന്തപുരം അൽ ജാമിഅ ഇസ്ലാമിയ, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് തുടങ്ങിയയിടങ്ങളിലെ പഠനത്തിന് ശേഷം ബിരുദം തേടി ഫാറൂഖ് കോളജിൽ പഠിക്കുന്ന കാലം. 1991ൽ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിൽ ജോലി ലഭിച്ചതോടെ ഡിപ്പാർട്ട്മെൻറ് ടീമിന്‍റെ കുന്തമുനയായി റഫീഖ് ഹസൻ. 1991-92ലെ കോയമ്പത്തൂർ സന്തോഷ് ട്രോഫിയിൽ അരങ്ങേറ്റം. വി.പി. സത്യന്‍റെ ടീം ഗോവയെ 3-0ന് തകർത്ത് 19 വർഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം എത്തിച്ചു. വിഖ്യാത താരങ്ങൾ നിറഞ്ഞ സംഘത്തിന്‍റെ ഭാഗമാവാൻ കഴിഞ്ഞതിന്‍റെ ചാരിതാർഥ്യം എക്കാലവുമുണ്ടാവുമെന്ന് റഫീഖ് ഹസൻ പറയുന്നു. 1994-95ലെ മദ്രാസ് സന്തോഷ് ട്രോഫിയിലും കളിച്ചെങ്കിലും കേരളം സെമി ഫൈനലിൽ മടങ്ങി.
ടീമിലെ അനുസരണയില്ലാത്ത പയ്യനായിരുന്നു താനെന്ന് റഫീഖ് ഹസൻ. കോച്ചിന് അങ്ങോട്ട് കളി പറഞ്ഞുകൊടുക്കുന്ന പ്രകൃതം. ധിക്കാരിയെന്ന വിശേഷണവും കിട്ടി. സെവൻസ് മൈതാനങ്ങളിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോ ടീമിന്‍റെ ഗോളടിയന്ത്രമായിരുന്ന റഫീഖ് ഹസനെയാണ് കാണികൾക്ക് കൂടുതൽ പരിചയം. നാട്ടിൽ ഇക്കുറി സന്തോഷ് ട്രോഫിയെത്തുമ്പോൾ ഇദ്ദേഹം ഗാലറിയിലുണ്ടാവും. കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് സൂപ്രണ്ടാണ് വള്ളുവമ്പ്രം മുസ്ല്യാരകത്ത് റിട്ട. പ്രഫ. മൊയ്തീൻകുട്ടിയുടെയും സുലൈഖാ ബീഗത്തിന്‍റെയും മകനായ റഫീഖ്. ഭാര്യ: റീന, മക്കൾ: റമീസ്, സന, ഇജാസ്, സുന്ദുസ്, നിഷാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.