കോഴിക്കോട്: ലോകരപ്രശസ്ത ഇറ്റാലിയൻ ഫുട്ബാൾ ക്ലബായ എ.സി മിലാന്റെ ഇന്റർനാഷനൽ ഫുട്ബാൾ അക്കാദമിയുടെ ഇന്ത്യയിലെ ആദ്യ പരിശീലന കേന്ദ്രം കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ സജ്ജമായതായി മുഖ്യപരിശീലകനും എ.സി മിലാൻ ടെക്നിക്കൽ ഡയറക്ടറുമായ ആൽബർട്ടോ ലാക്കന്റേലേ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് മൂഴിക്കലിലെ കാലിക്കറ്റ് അരീന ഫുട്ബാൾ ടർഫിലും മലപ്പുറത്ത് എടപ്പാൾ ഗവ. ഹയർസെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിലുമായി നടക്കുന്ന പരിശീലനം മാർച്ച് 15ന് തുടങ്ങും. ഇതിന് ശേഷം എറണാകുളത്തും പരിശീലനം ആരംഭിക്കും. അടുത്ത വർഷത്തോടെ കണ്ണൂർ, കാസർകോട്, തൃശൂർ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
അഞ്ച് മുതൽ 17 വരെ പ്രായമുള്ള (2006 മുതൽ 2017വരെ ജനിച്ച) കുട്ടികൾക്കാണ് പരിശീലനത്തിൽ മുൻഗണന. കോച്ചുമാർ, ഫിറ്റ്നസ് കോച്ചുമാർ, ടെക്നിക്കൽ കോഓഡിനേറ്റർമാർ, മാച്ച് അനലിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, അധ്യാപകർ, ന്യൂട്രീഷ്യനിസ്റ്റ് തുടങ്ങിയവരുടെ സേവനം ലഭ്യമാകുമെന്ന് അക്കാദമിയുടെ കേരള പ്രമോട്ടർമാരായ കാലിക്കറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികൾ പറഞ്ഞു.
താൽപര്യമുള്ള കുട്ടികൾക്ക് acmilankerala.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 7025005111. വാർത്തസമ്മേളനത്തിൽ കാലിക്കറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളായ മിലൻ ബൈജു, എം. അബുതാഹിർ, എം.പി. ജസീൽ ഗഫൂർ, ഹമീദ് ശാന്തപുരം, പി.പി. അബ്ദുൽ നാസർ, എം.പി. സുഹൈൽ ഗഫൂർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.