ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആവേശപ്പോരാട്ടങ്ങൾ അവസാനിച്ച ഖത്തറിൻെറ മണ്ണ് മറ്റൊരു പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ഏഷ്യൻ വൻകരയിലെ 24 ഫുട്ബാൾ കരുത്തർ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിലേക്കുള്ളത് ഇനി അഞ്ചു മാസത്തെ കാത്തിരിപ്പ് മാത്രം. 2024 ജനുവരി 12നാണ് ലോകകപ്പ് വേദികൾ ഉൾപ്പെടെയുള്ള കളിമുറ്റത്ത് ഏഷ്യൻ കപ്പിൻെറ ആവേശപ്പോരാട്ടത്തിന് പന്തുരുളുന്നത്.
കളിയാവേശം പതിയെ പതിയെ പടർന്നുപിടിക്കവെ ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച 11 പേരുമായി സ്വപ്ന സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ. വിവിധ രാജ്യക്കാരായ, വിവിധ കാലങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച 48 പേരെ തെരഞ്ഞെടുത്ത് വോട്ടിനിട്ട് അവരിൽ നിന്നാണ് ‘ഡ്രീം ഇലവനെ’ തെരഞ്ഞെടുത്തിരിക്കുന്നത്.
ഓരോ പൊസിഷനിലേക്കും നടന്ന വാശിയേറിയ വോട്ടെടുപ്പിലെ നിലയും, ഏഷ്യൻ ഫുട്ബാൾ വിദഗ്ധരുടെ അഭിപ്രായവും പരിഗണിച്ചുമാണ് ഡ്രീം ഇലവൻ തയ്യാറാക്കിയത്. ജൂലായ് 12 മുതൽ ജൂലായ് 30 വരെ എ.എഫ്.സി വെബ്സൈറ്റ് വഴി നടന്ന ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് താരങ്ങളെ കണ്ടെത്തിയത്്. ടൂർണമെൻറിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ആറ് മാസം ബാക്കിനിൽക്കെയായിരുന്നു ഏഷ്യൻ കപ്പ് ഡ്രീം ഇലവൻ തെരഞ്ഞെടുപ്പ് നടപടിക്ക് തുടക്കം കുറിച്ചത്.
കഴിഞ്ഞ67 വർഷത്തിനിടെ നടന്ന 17 ടൂർണമെൻറുകളിൽ മിന്നും പ്രകടനം നടത്തിയവരായിരുന്നു ഷോർട് ലിസ്റ്റിലുണ്ടായിരുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത് വിജയകരമായി ഡ്രീം ടീമിനെ പ്രവചിച്ചവർക്ക് എ.എഫ്.സിയിൽ നിന്ന് സമ്മാനവും, ജനുവരി 12ന് ഖത്തർ -ലബനാൻ ഉദ്ഘാടന മത്സരത്തിന് സാക്ഷിയാവാനുള്ള അവസരവും ലഭിക്കും.11 പേരിൽ നാലു പേർ ജപ്പാനിൽ നിന്നുള്ളവരാണ്. മൂന്ന് കൊറിയക്കാരും രണ്ട് ഇറാൻ താരങ്ങളും ഒരു സൗദി, ആസ്ട്രേലിയ ൻ താരവും ചേരുന്നതോടെ ഡ്രീം ഇലവൻ തയ്യാർ.
ഗോളി ആരെന്ന ചോദ്യത്തിന് സംശയമൊന്നുമില്ലായിരുന്നു. സൗദി അറേബ്യയുടെ ഇതിഹാസ ഗോൾകീപ്പർ മുഹമ്മദ് അബ്ദുൽ അസീസ് അൽ ദിയ തന്നെ. 1993മുതൽ 2006 വരെ സൗദിക്കായി 178 മത്സരങ്ങളിൽ വലകാത്ത താരം 1996ലെ കിരീട വിജയത്തിൽ നിർണായകമായിരുന്നു.
പ്രതിരോധ നിരയിൽ നാല് ഇതിഹാസ താരങ്ങൾ തന്നെ നിലയുറപ്പിച്ചു. ജപ്പാൻെറ നിലവിലെ സൂപ്പർ താരം കൂടിയായ യൂടോ നഗാടോമോ ഇൻറർമിലാൻ, ഗലറ്ററസായ്, മാഴ്സെ തുടങ്ങിയ യൂറോപ്യൻ ക്ലബുകളിലൂടെ മികവു തെളിയിച്ചവൻ. മറ്റൊന്ന് ജപ്പാൻെറ തന്നെ മുൻ താരം യുജി നകസവ. 2010ൽ ബൂട്ടഴിച്ച ഇദ്ദേഹം 110 മത്സരങ്ങളിൽ ജപ്പാനുവേണ്ടി പന്തു തട്ടിയിട്ടുണ്ട്. രണ്ടു തവണ ഏഷ്യൻകിരീടവും ചൂടി.
പ്രതിരോധത്തിലെ നാലാമൻ ഇറാൻ ഫുട്ബാളിലെ ഏറ്റവും മികച്ച താരമായി ഏറെ നാൾ വാണ റൈറ്റ്ബാക്ക് മെഹ്ദി മഹ്ദാവികിയ. ജർമൻ ക്ലബുകളിൽ തിളങ്ങിയ മെഹ്ദി 2009ൽ ദേശീയ കുപ്പായം അഴിച്ച് പരിശീലക വേഷമണിഞ്ഞു. ഏഷ്യൻ കപ്പ് കിരീടം നേടിയില്ലെങ്കിലും കളിമികവിൽ സമ്പന്നം. ദക്ഷിണ കൊറിയയുടെ ഹോങ് മ്യൂങ് ബോയാണ് പ്രതിരോധത്തിലെ നാലാമൻ. 1990 മുതൽ 2002 വരെ ദക്ഷിണ കൊറിയൻ വൻമതിലായിരുന്നു ഹോങ് മ്യൂങ്. 2002ൽ ദക്ഷിണ കൊറിയ ആതിഥ്യം വഹിച്ച ലോകകപ്പിൽ ടീമിൻെറ നായകനും, ടീമിനെ സെമി വരെ എത്തിക്കുകയും ചെയ്തു.
മധ്യനിരയിലെ തെരഞ്ഞെടുപ്പായിരുന്നു കൂടുതൽ കടുപ്പം. വമ്പൻ താരങ്ങൾ മാറ്റുരച്ച മധ്യനിരയിലേക്ക് അർഹർ തന്നെ എത്തി. ദക്ഷിണ കൊറിയയുടെ പാർക് ജി സുങ്, ജപ്പാൻെറ 2011ഏഷ്യൻ കപ്പ് ചാമ്പ്യൻ താരം കെയ്സുകെ ഹോണ്ട, 2000, 2004 ഏഷ്യൻ കപ്പ് ചാമ്പ്യൻ ടീം അംഗം ഷുൻസുകെ നകാമുറ എന്നിവരായിരുന്നു ഇടം പിടിച്ചത്.
ആരൊക്കൊ ഗോളടിച്ചുകൂട്ടാൻ വേണം എന്ന ചോദ്യത്തിനും താരത്തിളക്കമുള്ള മുന്നേറ്റ നിര മറുപടി നൽകുന്നു. സൂപ്പർ താരങ്ങളുടെ സാന്നിധ്യമാണ് ഫോർവേഡിലുള്ളത്. കൊറിയയുടെ എക്കാലത്തെയും മികച്ച ഗോളടി യന്ത്രം ഹ്യൂങ മിൻ സൺ, ഇറാൻെറ ഇതിഹാസ പുത്രൻ അലി ദായി, 2015ലെ ഏഷ്യൻ കപ്പ് ജേതാവും ആസ്ട്രേലിയൻ ഫുട്ബാളിൻെറ ഇതിഹാസവുമായ ടിം കാഹിൽ എന്നിവർ.
പകരക്കാരുടെ ബെഞ്ചും കേളികേട്ടവരാണ്. ആസ്ട്രേലിയയുടെ മാത്യൂ റ്യാൻ, സൗദിയുടെ സാലിഹ് അൽ നുഐമ, ഇറാഖിൻെറ നഷാത് അക്രം, സൗദിയുടെ തന്നെ മാജിദ് അബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.