മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽപെട്ട് കേരളത്തിൽ കുടുങ്ങിയ വിദേശ കളിക്കാരെയും പെട്ടിമുടി ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാൻ ലേലത്തിൽ വെച്ച ഇന്ത്യയുടെ അന്താരാഷ്ട്ര കളിക്കുപ്പായത്തിന് ലഭിച്ചത് അരലക്ഷം രൂപ. കോഴിക്കോട് അരീക്കാട് സ്പോർട്സ് അക്കാദമിയാണ് ജഴ്സി ലേലത്തിൽ സ്വന്തമാക്കിയത്. എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ കളിച്ച ഇന്ത്യൻ ടീമിെൻറ 17ാം നമ്പർ ജഴ്സിയിൽ മുഴുവൻ താരങ്ങളുടെയും കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. 2019ൽ യു.എ.ഇ വേദിയായ ചാമ്പ്യൻഷിപ്പിനിടെ ഫുട്ബാൾ പ്രേമിയും പ്രവാസിയുമായ മുഹമ്മദ് മുനീറിന് കളിക്കാർ സമ്മാനിച്ചതാണിത്.
ഇന്ത്യൻ താരം ആഷിഖ് കുരുണിയെൻറ നേതൃത്വത്തിലായിരുന്നു ലേലം. നായകൻ സുനിൽ ഛേത്രിയും സന്ദേശ് ജിങ്കാനും തൊട്ട് ജെജെ ലാൽപെഖ് ലുവയും അനസ് എടത്തൊടികയും അന്നത്തെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈൻറനുമെല്ലാം കൈയൊപ്പ് ചാർത്തിയിരുന്നു. ലേലത്തിൽ ലഭിച്ച അരലക്ഷം രൂപയിൽ 30,000 ഇടുക്കി പെട്ടിമുടിയിലെ ദുരിതബാധിതർക്കും 20,000 സെവൻസിനെത്തി കേരളത്തിൽ കുടുങ്ങിയ വിദേശ കളിക്കാരെ സഹായിക്കാനും നീക്കിവെച്ചു. ദുരിതബാധിതരിൽ ഏറ്റവും അർഹരായ എട്ട് കുടുംബങ്ങൾക്ക് കട്ടിലുകൾ നിർമിച്ച് നൽകാൻ തുക വിനിയോഗിക്കുമെന്ന് ഇവർക്ക് വേണ്ടി ഏറ്റുവാങ്ങിയ ഐഡിയൽ റിലീഫ് വിങ് ജനറൽ കൺവീനർ വി.ഐ. ഷമീർ അറിയിച്ചു.
സെവൻസ് ഫുട്ബാൾ അസോസിയേഷൻ പ്രതിനിധിയായ അസി. മാനേജർ കെ. വിനോദിനാണ് (ഫിറ്റ് വെൽ എടപ്പാൾ) കേരളത്തിൽ കുടുങ്ങിയ വിദേശ കളിക്കാരെ സഹായിക്കാനുള്ള തുക കൈമാറിയത്. താരങ്ങളുടെ മടക്കയാത്രക്ക് സ്വരൂപിച്ച ഫണ്ടിലേക്ക് ഇത് ഉപയോഗിപ്പെടുത്തിയതായി വിനോദ് അറിയിച്ചു. മലപ്പുറത്ത് ആഷിഖ് കുരുണിയെൻറ വീട്ടിൽ സൂക്ഷിച്ച ജഴ്സി അടുത്തദിവസം അരീക്കാട് സ്പോർട്സ് അക്കാദമി പ്രതിനിധികൾ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.