ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഗ്രൂപ് റൗണ്ടിൽ ഇന്ത്യയെ കാത്തിരിക്കുന്നത് കടുപ്പമേറിയ പോരാട്ടങ്ങൾ. മുൻ ഏഷ്യൻ ചാമ്പ്യന്മാരും ആറു തവണ ലോകകപ്പ് പങ്കാളികളുമായ ആസ്ട്രേലിയക്കെതിരായ പോരാട്ടത്തോടെയാണ് ഇന്ത്യയുടെ കളി തുടങ്ങുന്നത്. ഗ്രൂപ് ‘ബി’യിൽ ഉസ്ബകിസ്താൻ, സിറിയ എന്നിവരാണ് മറ്റ് എതിരാളികൾ. 2024 ജനുവരി 13ന് തങ്ങളുടെ ആദ്യ അങ്കത്തിൽ ഇന്ത്യയും സോക്കറൂസും ഏറ്റുമുട്ടും.
രണ്ടാം അങ്കത്തിൽ 19ന് ഉസ്ബകിസ്താനെയും മൂന്നാം അങ്കത്തിൽ 25ന് സിറിയയെയും നേരിടും. ജനുവരി 12ന് ഖത്തറും ലബനാനും തമ്മിലെ പോരാട്ടത്തോടെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ടൂർണമെന്റിന് കിക്കോഫ് കുറിക്കും. ഫെബ്രുവരി 10നാണ് ഫൈനൽ മത്സരം. ചൈന, തജികിസ്താൻ, ലബനാൻ എന്നിവരാണ് ഖത്തറിനൊപ്പം ഗ്രൂപ് ‘എ’യിൽ ഇടംപിടിച്ചത്.
ഗ്രൂപ് ‘ബി’യിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്കു മുകളിലാണ് മറ്റു മൂന്നുപേരുടെയും സ്ഥാനം. കഴിഞ്ഞ ലോകകപ്പിൽ തുനീഷ്യയെയും ഡെന്മാർക്കിനെയും അട്ടിമറിച്ച ആസ്ട്രേലിയ പ്രീക്വാർട്ടറിൽ അർജന്റീനയോട് തോറ്റാണ് ഖത്തറിന്റെ മണ്ണിൽനിന്നു മടങ്ങിയത്. നിലവിൽ ലോക റാങ്കിങ്ങിൽ 29ാം സ്ഥാനക്കാരാണ് സോക്കറൂസ്. ഏറ്റവും ഒടുവിൽ 2011ലായിരുന്നു ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടിയത്. 4-0ത്തിന് ഇന്ത്യ വൻ തോൽവി ഏറ്റുവാങ്ങി.
74ാം റാങ്കുകാരായ ഉസ്ബകിസ്താനെതിരെ 1997നുശേഷം ആറു തവണ ഇന്ത്യ ഏറ്റുമുട്ടിയപ്പോൾ നാലിലും തോൽവിയായിരുന്നു ഫലം. രണ്ടു കളി സമനിലയിലായി. 90ാം റാങ്കിലുള്ള സിറിയക്കെതിരെ മാത്രമാണ് ഇന്ത്യക്കു സാധ്യതകളുള്ളത്. ആഭ്യന്തരയുദ്ധം തരിപ്പണമാക്കിയ സിറിയയുടെ പോരാട്ടവീര്യത്തെ അതിജയിച്ചാൽ ഇന്ത്യക്ക് നേരിയ പ്രതീക്ഷകൾ പുലർത്താം.
അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഏഷ്യൻ കപ്പിന്റെ ആതിഥേയ നഗരിയായ ദോഹയിലെ കതാറ ഒപേറ ഹൗസിൽ വ്യാഴാഴ്ച ഉച്ചക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, മുൻ ജർമൻ താരവും പരിശീലകനും നിലവിലെ ദക്ഷിണ കൊറിയൻ കോച്ചുമായ യുർഗൻ ക്ലിൻസ്മാൻ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ, എ.എഫ്.സി ഭാരവാഹികൾ, മുൻകാല ഏഷ്യൻ താരങ്ങൾ എന്നിവർ അണിനിരന്ന വേദിയിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ടിം കാഹിൽ, പാർക് ജി സുങ് ഉൾപ്പെടെ ലോകതാരങ്ങൾ പങ്കെടുത്ത നറുക്കെടുപ്പ് വേദിയിൽ ഇന്ത്യൻ സാന്നിധ്യമായി മെയ്മോൾ റോക്കിയുമെത്തി.
ഇന്ത്യയുടെ അഞ്ചാം ഏഷ്യൻ കപ്പ് പങ്കാളിത്തമാണ് ഇത്തവണ. തുടർച്ചയായി രണ്ടു തവണ വൻകരയുടെ പോരാട്ടത്തിന് ഇടം പിടിക്കുന്നതും ആദ്യം.
വൻകരയിൽ മുൻനിരയിലുള്ള ടീമുകൾക്കെല്ലാം ഗ്രൂപ് റൗണ്ട് വെല്ലുവിളിയില്ലാതെതന്നെ മുന്നേറാൻ കഴിയുന്ന നിലയിലാണ് ആദ്യ ഘട്ട പോരാട്ടചിത്രം. ഇറാനും യു.എ.ഇയും കളിക്കുന്ന ഗ്രൂപ് ‘സി’ കൂട്ടത്തിൽ ഏറ്റവും കഠിനമായി മാറും.
അടുത്തവർഷം നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ലോഗോ ദോഹയിൽ പുറത്തിറക്കി. ടൂർണമെന്റ് നറുക്കെടുപ്പ് വേദിയിലായിരുന്നു ആതിഥേയ നഗരിയുടെ പൈതൃകവും വൻകരയുടെ പോരാട്ടവും അറബിക് കാലിഗ്രഫിയും ഉൾക്കൊള്ളുന്ന പുതിയ ലോഗോ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.