ഇഞ്ചുറി ടൈം ഗോളിൽ സൗദിക്ക് ജയം; പൊരുതി വീണ് ഒമാൻ

ദോഹ: കളിയുടെ ആദ്യ മിനിറ്റിൽ വഴങ്ങിയ പെനാൽറ്റി ഗോളിൽ പിന്നിലായിട്ടും പ്രതീക്ഷ കൈവിടാതെ പൊരുതിയ സൗദി അറേബ്യക്ക് ഏഷ്യൻ കപ്പ് ഫുട്ബാളിൽ ത്രില്ലർ ജയത്തോടെ തുടക്കം. ഗൾഫ് ടീമുകളുടെ പോരാട്ടമായി മാറിയ ഗ്രൂപ്പ് ‘എഫി’ലെ മത്സരത്തിൽ അയൽക്കാരായ ഒമാനെ 2-1ന് തോൽപ്പിച്ചാണ് കിരീടപ്രതീക്ഷയുമായെത്തിയ ഗ്രീൻ ഫാൽകണുകൾ വിലപ്പെട്ട മൂന്ന് പോയിന്‍റ് സ്വന്തമാക്കിയത്. 14ാം മിനിറ്റിലെ പെനാൽറ്റി ഗോളിലൂടെ ലീഡ് നേടിയ ഒമാനെതിരെ, കളിയുടെ 78ാം മിനിറ്റിൽ അബ്ദുൽറഹ്മാൻ ഗരീബും, ഇഞ്ചുറിടൈമിലെ അവസാന മിനിറ്റിൽ അലി അബ്ദുല്ലയ്ഹിയും ആണ് ഗോൾ നേടി വിജയ ശിൽപികളായത്.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം കളത്തിലും ഗാലറിയിലും പുറത്തുമെല്ലാം ആവേശത്തിരമാല തീർക്കുന്നതായിരുന്നു. ഗാലറി നിറഞ്ഞുകവിഞ്ഞ 41,000ത്തിലേറെ വരുന്ന ആരാധകരുടെ നിലക്കാത്ത ആരവങ്ങൾക്കു നടുവിലായിരുന്നു പോരാട്ടത്തിന് കിക്കോഫ് കുറിച്ചത്. ഗാലറിയുടെ മുക്കാൽഭാഗവും നിറഞ്ഞ പച്ചക്കുപ്പായക്കാരെ നിശബ്ദമാക്കി 14ാം മിനിറ്റിൽ ഒമാൻ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ ഏഷ്യൻ കപ്പിൽ ആദ്യ അട്ടിമറി ഭയന്നു. ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച് ലോകഫുട്ബാളിൽ മേൽവിലാസം ഉറപ്പിച്ച സൗദിയുടെ ആക്രമണങ്ങളെയെല്ലാം ഒമാൻ വരച്ച വരയിൽ അവസാനിപ്പിക്കുന്നതാണ് ഗ്രൗണ്ടിൽ കണ്ടത്. സാലിം ദൗസരിയും സാലിഹ് അൽ ഷെഹ്‍രിയും നാസർ അൽ ദൗസരിയുമെല്ലാം നടത്തിയ ​ആക്രമണങ്ങളെ ക്ലിനിക്കൽ ഡിഫൻസിലൂടെ ഒമാൻ മുറിച്ചിട്ടു. നിരന്തര മുന്നേറ്റങ്ങളെല്ലാം വിഫലമായപ്പോൾ, കുമ്മായവരക്കു പുറത്ത് കോച്ച് റോബർടോ മാൻസീനിയും അക്ഷമനായിമാറുന്നുണ്ടായിരുന്നു.

ഒമാന്റെ ഒരു ഗോൾ ലീഡോടെയാണ് ആദ്യ പകുതി പിരിഞ്ഞത്. രണ്ടാം പകുതിയിൽ നിർണായകമായ ചില മാറ്റങ്ങളിലൂടെ സൗദി കളത്തെ സജീവമാക്കിയതിനു പിന്നാലെ 78ാം മിനിറ്റിലാണ് സമനില ഗോൾ പിറന്നത്. മധ്യവര കടന്ന പന്തുമായി ഒമാ​ന്റെ പ്രതിരോധ കോട്ട സോളോ നീക്കത്തിലൂടെ പൊളിച്ച അബ്ദുൽറഹ്മാൻ ഗരീബിന്റെ മികവിന് അവകാശപ്പെട്ടതായിരുന്നു ആ ഗോൾ. അൽ ഷെഹ്‍രിക്ക് പകരക്കാരനായി കളത്തിലിറങ്ങി മൂന്നു മിനിറ്റിനുള്ളിൽ വിജയ ഗോൾ നേടിക്കൊണ്ട് അബ്ദുൽറഹ്മാൻ ഗരീബ് സൗദിയുടെ താരമായി മാറി. 

ഒന്നേകാൽ മണിക്കൂറിലേറെയും ടീം ഒരു ഗോളിന് പിന്നിൽനിന്നിട്ടും, ഒരു നിമിഷം പോലും തളരാതെ ആരവമുയർത്തി കളിക്കാരെ പിന്തുണച്ച ആരാധകർക്കായിരുന്നു ഈ ഗോളിന്റെ സമർപ്പണം. 

പിന്നാലെ വിജയ ഗോളിനായി പോരാടിയ സൗദി ആ ലക്ഷ്യം നേടുന്നത് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളിലെ നാടകീയതകൾക്കൊടുവിലായിരുന്നു. 96ാം മിനിറ്റിൽ കോർണർ കിക്കിലൂടെയെത്തിയ അവസരം അലി അൽ ഔജാമിയുടെ ഹെഡ്ഡർ, പോസ്റ്റിനു മുന്നിൽ നിന്ന് അലി അബ്ദുലയ്ഹി രണ്ടാം ടച്ചിലൂടെ വലയിലാക്കി. എന്നാൽ, ഓഫ് സൈഡ് വിളിച്ച ​റഫറി ഗോൾ നിഷേധിച്ചതോടെ മിനിറ്റുകൾ നീണ്ട അനിശ്ചിതത്വമായി. ഒടുവിൽ, ഗോളില്ലെന്ന നിലയിൽ ​െപ്ല ഓൺ ആയതിനു പിന്നാലെയാണ് വി.എ.ആറിലൂടെ ആ തീരുമാനമെത്തുന്നത്. ഓഫ് സൈഡ് തിരുത്തി, സൗദിക്ക് വിജയ ഗോൾ.

അലി അബ്ദുല്ലയ്ഹിയുടെ അക്കൗണ്ടിൽ ചേർത്ത ഗോളിനു പിന്നാലെ, അതിർത്തി കടന്നെത്തിയ സൗദി ആരാധകർക്ക് രാത്രി മുഴുവൻ ആഘോഷമാക്കാൻ ഖലീഫ സ്റ്റേഡിയത്തിൽ തകർപ്പൻ ജയം.

തായ്‍ലൻഡിന് ജയം

ഏഷ്യൻ കപ്പ് ഗ്രൂപ്പ് ‘എഫി​’ലെ മറ്റൊരു മത്സരത്തിൽ തായ്‍ലൻഡ് 2-0ത്തിന് കിർഗിസ്ഥാനെ തോൽപിച്ചു. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സുപചായ് ചിദദി​ന്റെ വകയായിരുന്നു തായ്‍ലൻഡിന്റെ രണ്ടു ഗോളുകളും പിറന്നത്. 

Tags:    
News Summary - AFC Asian Cup 2023 Saudi vs Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.