ദോഹ: ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രതീക്ഷകളെ തച്ചുടച്ച് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഉസ്ബകിസ്താന്റെ പടയോട്ടം. ഗ്രൂപ് ‘ബി’യിലെ നിർണായക മത്സരത്തിൽ കിക്കോഫ് വിസിൽ മുഴക്കത്തിനു പിന്നാലെ ഗോളടി തുടങ്ങിയ ഉസ്ബകിസ്താൻ ആദ്യപകുതിയിൽതന്നെ മൂന്നുവട്ടം വലകുലുക്കിക്കൊണ്ട്, ഇന്ത്യൻ തിരിച്ചുവരവ് പ്രതീക്ഷകൾ മുളയിലേ നുള്ളി. കളിയുടെ നാലാം മിനിറ്റിൽ അബ്ബാസ്ബെക്ഫൈസുലേവ്, 18ാം മിനിറ്റിൽ ഇഗോർ സെർജീവ്, ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഷെർസോസ് നസറുല്ലേവ് എന്നിവരാണ് വലകുലുക്കിയത്. ആദ്യകളിയിൽ ആസ്ട്രേലിയയോട് രണ്ട് ഗോളിന് തോറ്റ ഇന്ത്യ, രണ്ടാം അങ്കത്തിലും കീഴടങ്ങിയതോടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു.
മൂന്ന് മാറ്റങ്ങളോടെ െപ്ലയിങ് ഇലവനെ സജ്ജമാക്കിയ കോച്ച് ഇഗോർ സ്റ്റിമാക് ആക്രമിച്ചു കളിക്കാനായിരുന്നു തന്ത്രം മെനഞ്ഞത്. കിക്കോഫിനു പിന്നാലെ, എതിർ പകുതിയിലേക്ക് പന്തുമായി കയറിയ ഇന്ത്യക്ക് ഉസ്ബക് മറുപടി നൽകിയത് ഗോളോടെയായിരുന്നു. പിന്നെ കളത്തിൽ സംഭവിക്കുന്നത് എന്തെന്നറിയാത്ത പോലെയായി ഇന്ത്യ. അണ്ടർ 20 ഏഷ്യൻ കപ്പിൽ ഉസ്ബകിനെ കിരീടത്തിലേക്ക് നയിച്ച ടീമിലെ സൂപ്പർതാരമായി മാറിയ 20കാരൻ അബ്ബാസ്ബെക് ഫൈസുലേവ് മിന്നൽവേഗത്തിൽ കുതിച്ചുകയറിയപ്പോൾ ഇന്ത്യൻ പ്രതിരോധത്തിന് സോക്കറൂസിനെതിരെ നടത്തിയ ചെറുത്തുനിൽപ് പോലും അസാധ്യമായി.
ആസ്ട്രേലിയക്കെതിരെ കളിച്ച സുബാശിഷ് ബോസ്, ചാങ്തെ, ദീപക് താംഗ്രി എന്നിവർക്കു പകരം അനിരുദ്ധ്ഥാപ്പ, നൗറം മഹേഷ് സിങ്, ആകാശ് മിശ്ര എന്നിവരാണെത്തിയത്. മൻവീർ, ഛേത്രി, സുരേഷ് വാങ്ജം, അപൂയ, നിഖിൽ, ഭേകെ, ജിങ്കാൻ എന്നിവർകൂടി അടങ്ങിയ ടീമിന് മാറ്റവും ഗുണം ചെയ്തില്ല. എതിരാളികൾ ഇന്ത്യൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോളടിക്കുേമ്പാൾ മറുനീക്കങ്ങൾക്ക് രണ്ട് ടച്ചിനപ്പുറം ആയുസ്സുമില്ലായിരുന്നു. രണ്ടാം പകുതിയിൽ മഹേഷ് സിങ്ങിനെ വലിച്ച് മലയാളി താരം കെ.പി. രാഹുൽ എത്തിയ ശേഷം രണ്ടു മൂന്ന് മികച്ച നീക്കങ്ങൾ കണ്ടതുമാത്രമായി ഇന്ത്യൻ മുന്നേറ്റം. ഗോൾപോസ്റ്റിനു മുന്നിലെ നിർഭാഗ്യം ഒരു ഗോളിനുള്ള വകയും നഷ്ടപ്പെടുത്തി. ഥാപ്പക്കു പകരം ബ്രണ്ടൻ ഫെർണാണ്ടസ്, ഛേത്രിക്കു പകരം ഇഷാൻപണ്ഡിതയും വന്നെങ്കിലും കളിയിൽ മാറ്റമൊന്നുമുണ്ടായില്ല.
1-0: ഇടതു വിങ്ങിൽ ഇന്ത്യൻ പ്രതിരോധം പൊളിച്ചുകൊണ്ട് കയറിയ ഉസ്ബക് വിങ് ബാക് ഷെർസോസ് നസ്റുല്ലേവായിരുന്നു ഗോളിന്റെ ശിൽപി. ബോക്സിന് പുറത്തുനിന്നു അദ്ദേഹം നൽകിയ ക്രോസ്, മധ്യനിര താരം ഉതബെക് ഷഖ്റോവ് ഹെഡ്ഡറിലൂടെ ഉയർത്തിപ്പോൾ, കുതിച്ചെത്തിയ സി.എസ്.കെ.എ മോസ്കോയുടെ അബ്ബാസ്ബെക് ഫൈസുലേവും കാൽപന്തിനെ തലപ്പന്താക്കി മാറ്റി ഗുർപ്രീതിന്റെ വിടർന്ന കൈകൾക്കും, സന്ദേശ് ജിങ്കാന്റെ പ്രതിരോധ അടവുകൾക്കുമിടയിലൂടെ വലയിലേക്ക് കയറ്റി.
2-0: മധ്യനിരയിൽ നിന്നും ഇന്ത്യൻ ബൂട്ടിലുണ്ടായിരുന്ന പന്തായിരുന്നു രണ്ടാം ഗോളിലേക്ക് തെന്നിനീങ്ങിയത്. രാഹുൽ ഭേകെ ഹോൾഡ് ചെയ്ത പന്തിന്റെ ക്രോസിൽ ഉന്നം പിഴച്ചപ്പോൾ കഴുകനെ പോലെ റാഞ്ചിയെടുത്തായിരുന്നു അബ്ബാസ്ബെക് ഗോൾമുഖത്തേക്ക് കുതിച്ചത്. ഗോളിലേക്കുള്ള ക്രോസിനെ ഡൈവ് ചെയ്ത് തടുത്ത ആകാഷ് മിശ്രയുടെ ക്ലിയറൻസ് ക്രോസ് ബാറിൽ തട്ടിത്തെറിച്ചപ്പോൾ, പന്തു വന്നു വീണത് അവസരം കാത്തിരുന്ന ഇഗോർ സെർജീവിന്റെ ബൂട്ടിലേക്ക്. ഗോളിയും പ്രതിരോധ നിരക്കാരും സ്ഥാനംതെറ്റിനിന്ന പോസ്റ്റിലേക്ക് പന്തുതട്ടിയിടേണ്ട ആവശ്യമേ ഇഗോർ സെർജീവിനുണ്ടായിരുന്നുള്ളൂ.
3-0: ഇന്ത്യക്ക് അനുകൂലമായി ഒരു കോർണറും ഫ്രീകിക്കും പിറന്നതിനു പിന്നാലെ വലതു വിങ്ങിൽ നിന്നും വന്ന ക്രോസ് ഇന്ത്യൻ പ്രതിരോധത്തിലെ ജിങ്കാനെയും ഭേകെയെയും മറികടന്ന് പിന്നിലായി കാത്തുനിന്ന ഷെർസോ നസറുല്ലായേവിലേക്കെത്തി. മാർക് ചെയ്യാതെ ഒഴിഞ്ഞുകിടന്ന ഷെർസോദിന്റെ ടച്ചിൽ പന്ത് പോസ്റ്റിൽ തട്ടി മടങ്ങിയതിനു പിന്നാലെ, സമാനമായൊരു രണ്ടാം ടച്ചിൽ വലയും കുലുക്കി.
ദോഹ: ഗ്രൂപ് ‘ബി’യിൽ എതിരില്ലാത്ത ഒരു ഗോളിന് സിറിയയെ തോൽപിച്ചു ആസ്ട്രേലിയ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ആറ് പോയന്റുമായാണ് സോക്കറൂസ് നോക്കൗട്ടിലെത്തിയത്. രണ്ടാം മത്സരത്തിലും ഗോൾ നേടിയ ജാക്സൺ ഇർവിൻ 59ാം മിനിറ്റിൽ വല ചലിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.