മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ചെത്തിയ ഫുട്ബാൾ ആരാധകർക്ക് ആവേശ വിരുന്നൊരുക്കി മുംബൈ സിറ്റി എഫ്.സിക്ക് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ടിക്കറ്റ്. ചൊവ്വാഴ്ച നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയെ 3-1ന് തറപറ്റിച്ചാണ് വിജയം. 53-ാം മിനിറ്റിൽ മൊറോക്കൻ താരം അഹ്മദ് ജൗഹൗ പെനാൽറ്റി കിക്കിലൂടെ ആദ്യം ലീഡ് നേടി കൊടുത്താണ് മുംബൈയുടെ വരവറിയിച്ചത്.
ഒരു ഗോൾ ലീഡ്നേടിയിട്ടും ഗോൾദാഹം തീരാതെ ഇവർ മൈതാനമാകെ ഓടിക്കളിച്ചു. 70ാം മിനിറ്റിൽ മിഡ്ഫീൽഡർ ആൽബെർട്ടോ റിപോൾ രണ്ടാം ഗോൾ നേടിയപ്പോൾ മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കെ ജാംഷഡ്പുർ പ്രതിരോധ പാളിച്ച മുതലാക്കി വിക്രം പ്രതാപ് സിങ്ങും സ്കോർ ചെയ്തു. 80ാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്ന് ബ്രസീലിയൻ മിഡ്ഫീൽഡർ എലി സാബിയയാണ് ജാംഷഡ്പുർ എഫ്.സിയുടെ ആശ്വാസഗോൾ നേടിയത്. വിജയത്തോടെ മുംബൈ സിറ്റി ഏഷ്യയിലെ വമ്പൻ ക്ലബുകൾ പങ്കെടുക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് യോഗ്യത നേടി.
ആദ്യ പകുതിയുടെ തുടക്കത്തിൽ മികച്ച നീക്കങ്ങളുമായി ജാംഷഡ്പുർ എഫ്.സിയാണ് കളി തുടങ്ങിയത്. എന്നാൽ എതിർ ടീമിന്റെ ദൗർബല്യം അളന്നെടുത്ത് പ്രത്യാക്രമണത്തോടെ മുബൈ കളി മെനഞ്ഞെടുക്കുകയായിരുന്നു.
11-ാം മിനിറ്റിൽ ജാംഷഡ്പുരിന്റെ നൈജീരിയൻ മുന്നേറ്റതാരം ഡാനിയൽ ചുക്കുവിനെ മുംബൈ ഡിഫൻഡർ മെഹ്തബ് സിങ്ങ് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ജംഷഡ്പുർ മിഡ്ഫീൽഡർ ജായ് ആസ്റ്റൺ ഇമ്മാനുവൽ തോമസിന്റെ ഷോട്ടിൽ നിന്ന് ബുള്ളറ്റായി കുതിച്ചെങ്കിലും മുംബൈ ഗോളി തട്ടിയകറ്റി. 32ാം മിനിറ്റിൽ ജംഷഡ്പുരിന്റെ റിക്കിയുടെ മികച്ച ഷോട്ട് മുംബൈ സിറ്റിയുടെ വലയിലുരുമ്മി പുറത്തു കടന്നു.
41ാം മിനിറ്റിൽ മുംബൈ സിറ്റി സ്ട്രൈക്കർ പെരേര ഡെയിസിനെ ഫൗൾ ചെയ്തതിന് ജംഷഡ്പുർ ഡിഫൻഡർ പ്രതിക്കിന് മഞ്ഞ കാർഡ് ലഭിച്ചു. 43ാം മിനിറ്റിൽ മുംബൈ മുന്നേറ്റതാരം ബിബിൻ സിങ്ങിന് സുവർണ ഗോളവസരം കിട്ടിയെങ്കിലും ബാറിൽ തട്ടി പോകാനായിരുന്നു വിധി. ആദ്യപകുതിയിൽ ഗോളില്ലാതെയാണ് ഇരു ടീമുകളും കളിപിരിഞ്ഞത്.
മുംബൈ സിറ്റിയുടെ അപ്രതീക്ഷിത മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. കുടുതൽ കരുത്തോടെ ആക്രമിച്ച് കളിച്ച മുംബൈക്ക് മുന്നിൽ രണ്ടാം പകുതിയിൽ ജാംഷഡ്പുർ കളി മറക്കുകയായിരുന്നു. 53ാം മിനിറ്റിൽ മുംബൈയുടെ ലാലിയാൻസുല ചാങ്ങ്ട്ടയെ ഗോൾപോസ്റ്റിനരികെ വീഴ്ത്തിയതിന് മുംബൈ സിറ്റിക്ക് പെനാൽറ്റി ലഭിച്ചു.
ജൗഹൗ അനായാസം കിക്ക് ഗോളാക്കി. 70ാം മിനിറ്റിൽ മുംബൈ സിറ്റിയുടെ സ്പെയിൻ മിഡ്ഫീൽഡർ ആൽബെർട്ടോ റിപോൾ പെനാൽറ്റി ബോക്സിന്റെ ഇടതുമൂലയിൽ നിന്ന് ജംഷഡ്പുരിന്റെ മൂന്ന് താരങ്ങളെ സാക്ഷികളാക്കി പോസ്റ്റിലേക്ക് തൊടുത്ത് വിട്ട പന്ത് രണ്ടാം ഗോളിലവസാനിച്ചതോടെ ജാംഷഡ്പുർ കൂടുതൽ സമ്മർദത്തിലായി. ഇവർ പൊരുതി കളിച്ചതിന്റെ ഫലം 80-ാം മിനിറ്റിൽ ലഭിച്ചു. ഇമ്മാനുവൽ തോമസ് നൽകിയ കോർണറിൽ നിന്ന് സാബിയ മുംബൈ വലയിലേക്ക് തലവെച്ചാണ് തിരിച്ചടിച്ചത്. അധികസമയത്ത് മധ്യഭാഗത്ത് നിന്ന് ലഭിച്ച ലോങ് പാസ് സ്റ്റുവർട്ടിന്റെ ക്രോസിൽ നിന്ന് പകരക്കാൻ വിക്രം പ്രതാപ് സിങ്ങാണ് മൂന്നാം ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.