ദോഹ: ഒരു പരീക്ഷക്കുള്ള തയാറെടുപ്പുപോലെയായിരുന്നു ഹസൻ ഹൈദോസിനും അക്രം അഫിഫിക്കുമെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങൾ. സ്പെയിനിലും ഓസ്ട്രിയയിലുമായി തേച്ചുമിനുക്കിയെടുത്ത പ്രതിഭയും പഠിച്ചെടുത്ത പുതിയ അടവുകളുമായി ആതിഥേയരുടെ പ്രിയപ്പെട്ട 'അന്നാബി' ദോഹയിൽ പറന്നിറങ്ങി. കഴിഞ്ഞ മാർച്ച് മാസത്തിൽ സ്റ്റാർസ് ലീഗ് മത്സരം അവസാനിച്ചതിനു പിന്നാലെ, പുതിയ സീസണിൽ നിന്നും അവധിയെടുത്തായിരുന്നു ഖത്തറിന്റെ ഒരുക്കങ്ങൾ.
സ്പെയിനിലും ഓസ്ട്രിയയിലുമായി നടന്ന ക്യാമ്പിൽ 45ഓളം പേരുടെ സംഘമുണ്ടായിരുന്നു. അവരിൽനിന്നാണ് പല ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 26 പേരുമായി ആതിഥേയരുടെ സ്വപ്ന സംഘം ലോകകപ്പിന്റെ പോർക്കളത്തിൽ പടപ്പുറപ്പാട് നടത്താൻ ഒരുങ്ങുന്നത്.
സെപ്റ്റംബർ ആദ്യ വാരം ഖത്തറിൽ മടങ്ങിയെത്തിയവർ അഞ്ചു ദിവസത്തെ വിശ്രമവും ആരാധകർക്കുവേണ്ടിയുള്ള പ്രദർശനവും പൂർത്തിയാക്കിയാണ് വീണ്ടും അവസാന വട്ട തയാറെടുപ്പിനായി സ്പെയിനിലേക്ക് പറന്നത്. അവിടെനിന്നാണ്, തിങ്കളാഴ്ച ദോഹയിൽ തിരികെയെത്തിയത്.
അൽ അസീസിയ ബൂട്ടിക് ഹോട്ടലിലാണ് ടീമിന്റെ താമസം. ആസ്പയർസോണിലെ ട്രെയിനിങ് സെൻററിൽ പരിശീലനവും ആരംഭിക്കും. വിമാനത്താവളത്തിൽ വൻ വരവേൽപായിരുന്നു ആതിഥേയർക്ക് നൽകിയത്. നവംബർ 20ന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ എക്വഡോറാണ് ഖത്തറിന്റെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.