കോപ ഡെൽ റേയിൽ യൂനിയൻ ഇസ്റ്റാസിനെതിരായ പോരാട്ടത്തിൽ ഗോൾ നേടിയയുടൻ കാൻസർ രോഗിയായ കുഞ്ഞു ആരാധികക്ക് ജഴ്സി ഊരിനൽകി ബാഴ്സലോണ സ്ട്രൈക്കർ ഫെറാൻ ടോറസ്. 31ാം മിനിറ്റിൽ അൽവാരോ ഗോമസിലൂടെ മുന്നിലെത്തിയ യൂനിയൻ ഇൻസ്റ്റാസിനെതിരെ ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ജാവോ ഫെലിക്സിന്റെ അസിസ്റ്റിൽ സമനില ഗോൾ നേടിയ ശേഷമായിരുന്നു ടോറസിന്റെ വേറിട്ട ഗോളാഘോഷം.
ഗാലറിയിലെ ആദ്യ വരിയിൽ ഇരിക്കുകയായിരുന്ന മരിയ എന്ന ആരാധികക്ക് ജഴ്സി സമ്മാനിച്ച ശേഷം താരം അവരെ ആശ്ലേഷിക്കുന്നുമുണ്ട്. മത്സരത്തിനിടെയുണ്ടായ താരത്തിന്റെ നടപടി സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ജഴ്സി പിന്നീട് ആരാധിക അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
മത്സരത്തിൽ ബാഴ്സലോണ 3-1ന് ജയിച്ചുകയറി. ടോറസിന് പുറമെ 69ാം മിനിറ്റിൽ ജൂൾസ് കുണ്ഡെയും 73ാം മിനിറ്റിൽ അലെജാന്ദ്രൊ ബാൾഡെയുമാണ് ഗോളുകൾ നേടിയത്. അധിക സമയത്തേക്ക് നീണ്ട മറ്റൊരു മത്സരത്തിൽ അത്‍ലറ്റികോ മാഡ്രിഡ് 4-2ന് റയൽ മാഡ്രിഡിനെ തോൽപിച്ചു. നിശ്ചിത സമയത്ത് ഇരുനിരയും രണ്ട് ഗോൾ വീതമടിച്ചതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്. സാമുവൽ ലിനോ, അൽവാരോ മൊറാട്ട, അന്റോയിൻ ഗ്രീസ്മാൻ, റോഡ്രിഗോ റിക്വൽമെ എന്നിവർ അത്‍ലറ്റികോക്കായി വലകുലുക്കിയപ്പോൾ ജാൻ ഒബ്ലാക്കിന്റെ ഓൺഗോളും ജൊസേലുവിന്റെ ഗോളുമാണ് റയലിന്റെ തോൽവിഭാരം കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.