റിയാദ്: ഹെഡ്ഡർ ഗോളിൽ ലോക റെക്കോഡ് സ്വന്തം പേരിലാക്കി അൽ നസ്റിന്റെ പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തുനീഷ്യൻ ക്ലബായ യു.എസ് മൊനസ്തീറിനെതിരെ നടന്ന കിങ് സൽമാൻ കപ്പ് മത്സരത്തിൽ നേടിയ ഗോളിലൂടെയാണ് ക്രിസ്റ്റ്യാനോ ഒന്നാമനായത്. കരിയറിൽ തലകൊണ്ട് 145ാം തവണ പന്ത് വലയിലാക്കിയ താരം, ജർമൻ ഇതിഹാസം ജെർഡ് മ്യൂളറുടെ (144) റെക്കോഡ് തകർത്തു. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആതിഥേയർ 4-1ന് ജയിച്ച കളിയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ.
അൽ നസ്ർ 1-0ത്തിന് ലീഡ് ചെയ്യവെ 74ാം മിനിറ്റിൽ സുൽത്താൻ അൽ ഗനത്തിന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലക്കകത്തേക്ക് വിടുകയായിരുന്നു 38കാരൻ. കരിയറിലെ 839ാം ഗോളാണിത്. തുടർച്ചയായ 22ാം സീസണിലും ഗോളടിച്ച് അരങ്ങുവാഴുകയാണ് ക്രിസ്റ്റ്യാനോ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് ഈ വർഷം ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി അറേബ്യയിലെത്തിയത്. അൽ നസ്റിനായി ഇതുവരെ 15 ഗോൾ നേടി. 123 ഗോളുമായി അന്താരാഷ്ട്ര സ്കോറർമാരിൽ ഒന്നാമനാണ് ക്രിസ്റ്റ്യോനോ. 700ൽ അധികം ക്ലബ് ഗോളുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.