ലണ്ടൻ: ഇനി ഒന്നര മാസം ഇടവേള. അതിന് മുമ്പ് ഗോളും ജയവും കൂടെ കൂട്ടി ടെൻ ഹാഗും എറിക്സണും. ലോകകപ്പിനായി ലോകം മുഴുക്കെ മുൻനിര ഫുട്ബാൾ മത്സരങ്ങളെല്ലാം നിർത്തിവെക്കുന്ന ദിനത്തിലായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് കാത്തിരുന്ന ജയം. ആദ്യം ഗോളടിച്ചും പിന്നീട് അസിസ്റ്റ് നൽകിയും ക്രിസ്റ്റ്യൻ എറിക്സൺ എന്ന ഡാനിഷ് താരവും കൂട്ടുനൽകി അർജന്റീനയുടെ 18കാരൻ അലിയാന്ദ്രോ ഗർണാച്ചോയും നിറഞ്ഞുനിന്ന പ്രിമിയർ ലീഗ് മത്സരത്തിൽ 2-1നാണ് ഫുൾഹാമിനെ യുനൈറ്റഡ് വീഴ്ത്തിയത്.
ഫുൾഹാം മൈതാനമായ ബിഷപ്സ് പാർകിൽ പന്തുരുണ്ടു തുടങ്ങിയതു മുതൽ നിയന്ത്രണം കാലിലാക്കിയ യുനൈറ്റഡ് തന്നെയായിരുന്നു ആദ്യം ഗോളടിച്ചത്- 14ാം മിനിറ്റിൽ. പെനാൽറ്റി മുഖത്ത് ലഭിച്ച ക്രോസിൽ കാൽവെച്ച് എറിക്സൺ പന്ത് വലയിലെത്തിച്ചതോടെ ലീഡ് പിടിച്ച യുനൈറ്റഡിനെ ഞെട്ടിച്ച് ഫുൾഹാം രണ്ടാം പകുതിയിൽ ഡാനിയൽ ജെയിംസിലൂടെ ഗോൾ മടക്കി. സമനിലയിൽ പിരിഞ്ഞെന്നു തോന്നിയ നിമിഷത്തിൽ അലിയാന്ദ്രോ ഗർണാച്ചോ എറിക്സൺ പാസിൽ വല കുലുക്കി യുനൈറ്റഡിനെ ജയത്തിലേക്കു നയിച്ചു. പകരക്കാരനായി ഇറങ്ങി ടീമിന് ജയവും വിലപ്പെട്ട മൂന്നു പോയിന്റും നൽകിയായിരുന്നു ഗർണാച്ചോയുടെ മടക്കം. ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിൽ ഗർണാച്ചോയെ ഉൾപ്പെടുത്തിയിരുന്നില്ല.
ലോകകപ്പിന് ദേശീയ ടീമുകൾക്ക് കളിക്കാനായി ഡീഗോ ഡാലോട്ട്, റാഫേൽ വരാനെ, ആന്റണി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവർ വിട്ടുനിന്ന യുനൈറ്റഡ് നിര ഒട്ടും ക്ഷീണം കാട്ടാതെയാണ് ഫുൾഹാമിനെതിരെ ഇറങ്ങിയത്. ഫുൾഹാം നിരയിൽ സെർബിയൻ താരം അലക്സാണ്ടർ മിത്രോവിച്ചും കളിച്ചിരുന്നില്ല.
ജയത്തോടെ യുനൈറ്റഡ് നാലാമതുള്ള ടോട്ടൻഹാമുമായി പോയിന്റ് അകലം മൂന്നാക്കി കുറിച്ചു.
അതേ സമയം, ക്രിസ്റ്റ്യാനോയുടെ അഭാവം ബാധിക്കുന്നില്ലെന്ന സൂചന നൽകുന്ന കഴിഞ്ഞ കളികളിലെ ഫലങ്ങൾ താരത്തിന്റെ തിരിച്ചുവരവിന് തിരിച്ചടിയാകും. കോച്ചുമായും മാനേജ്മെന്റുമായും പിണക്കം പരസ്യമാക്കിയ താരം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പരസ്യമായി ടീമിനെതിരെ രംഗത്തുവന്നിരുന്നു.
ടെൻ ഹാഗ് നടപ്പാക്കിവരുന്ന ടീം ഗെയിം മൈതാനത്ത് ഫലംകൊയ്യുന്നതിന്റെ പ്രകടനം കൂടിയായിരുന്നു ആദ്യ ഗോൾ. കാസമിറോ, എറിക്സൺ, ആന്റണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ചേർന്ന നീക്കത്തിനൊടുവിലായിരുന്നു മൈതാനത്തെ ത്രസിപ്പിച്ച ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.