അര്‍ജന്റീനക്കായി ലോകകപ്പ് കളിക്കണം. അതിനിടെ യൂറോപ്പിലെ പ്രധാന ടീമുകളില്‍ ഇടമില്ലാതെ ലാറ്റിനമേരിക്കയിലേക്കോ എം.എല്‍.എസിലേക്കോ ചേക്കേറാനിട വരരുത്. പി എസ് ജിയില്‍ കരാര്‍ അവസാനിച്ച് ഫ്രീ ട്രാന്‍സ്ഫറിലേക്ക് മാറ്റപ്പെട്ട ഏഞ്ചല്‍ ഡി മരിയക്ക് ഈയൊരു പ്രാര്‍ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പ്രതീക്ഷകള്‍ തെറ്റിയില്ല, സ്‌പെയ്‌നില്‍ നിന്ന് ബാഴ്‌സലോണയുടെ ഏജന്റുമാര്‍ അര്‍ജന്റീന വിംഗറുമായി ഡീലിന് ശ്രമിച്ചു. പക്ഷേ, അത് ഫലം കാണാതെ നീണ്ടു പോയി. ഈ ദൈര്‍ഘ്യമാകണം, ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ് മുന്നോട്ട് വെച്ച പന്ത്രണ്ട് മാസ കരാറില്‍ ഒപ്പുവെക്കാന്‍ ഡി മരിയയെ പ്രേരിപ്പിക്കുന്നത്. യുവെന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പ് ലഭിച്ചതാണ് ഡി മരിയ ബാഴ്‌സയുടെ ചര്‍ച്ചകളില്‍ നിന്ന് അകലാന്‍കാരണം.
2007 ല്‍ റൊസാരിയോ സെന്‍ട്രലില്‍ നിന്ന് പോര്‍ച്ചുഗലിലെ ബെന്‍ഫിക്കയിലെത്തിയ ഡി മരിയ ലോകഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ വിംഗറായി പരിണമിക്കുന്നത് മൂന്ന് സീസണുകള്‍ക്ക് ശേഷം റയല്‍ മാഡ്രിഡില്‍ ചേര്‍ന്നതോടെയാണ്. സ്പാനിഷ് ലാ ലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ റയലിനൊപ്പം നേടിയ ഡി മരിയ ഒരു വര്‍ഷം പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായും കളിച്ചു.
അതിന് ശേഷമാണ് പി എസ് ജിയിലെത്തുന്നത്. ഫ്രഞ്ച് ക്ലബ്ബിനൊപ്പം 295 മത്സരങ്ങള്‍, 92 ഗോളുകള്‍, ഏഴ് ട്രോഫികള്‍. അര്‍ജന്റീനക്കായി 122 മത്സരങ്ങള്‍ കളിച്ച ഡി മരിയ കോപ അമേരിക്കയിലും ഫൈനലിസിമയിലും മെസിക്കൊപ്പം അര്‍ജന്റീനയുടെ പോരാളിയായിരുന്നു.
മുപ്പത്തിനാല് വയസുള്ള ഡി മരിയ അവസാന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്. ഖത്തറില്‍ വലിയ സാധ്യതകളുള്ള ടീമിന്റെ ഭാഗമാവുക, നിര്‍ണായക റോള്‍ വഹിക്കാനാവുക എന്നീ ചരിത്രദൗത്യങ്ങള്‍ തന്നില്‍ അവശേഷിക്കുന്നുണ്ടെന്ന ബോധ്യം ഡി മരിയയെ നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.