റിയോ ഡെ ജനീറോ: ബ്രസീൽ നേരത്തേ ഇരിപ്പുറപ്പിച്ച കോപ അമേരിക്ക ഫൈനൽ ലക്ഷ്യമിട്ട് ലയണൽ മെസ്സിയും സംഘവും ഇറങ്ങുന്നു. രണ്ടാം സെമി പോരാട്ടത്തിൽ അർജൻറീനക്ക് കൊളംബിയയാണ് എതിരാളികൾ. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെയാണ് മത്സരം. അർജന്റീന വിജയിക്കുകയാണെങ്കിൽ കാൽപന്ത് പ്രേമികൾ കാത്തിരിക്കുന്ന സ്വപ്ന ഫൈനലിന് കളമൊരുങ്ങും. 2007 കോപ്പയിലാണ് ബ്രസീലും അർജന്റീനയും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു.
1993ൽ കോപയിൽ ഡീഗോ സിമിയോണിയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും അടങ്ങുന്ന ടീം മുത്തമിട്ടതിനുശേഷം അർജൻറീന ഇതുവരെ ഫുട്ബാളിലെ മേജർ ട്രോഫിയൊന്നും നാട്ടിലെത്തിച്ചിട്ടില്ല. ദീർഘമായ ആ ഇടവേള അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും ഇറങ്ങുന്നത്. അർജൻറീനൻ ജഴ്സിയിൽ മെസ്സിയുടെ 150ാം മത്സരമാവും കൊളംബിയയുമായുള്ള സെമി പോരാട്ടം.
നല്ല ഫോമിലുള്ള മെസ്സിയെ ആശ്രയിച്ചാണ് ടൂർണമെൻറിൽ ടീമിെൻറ കുതിപ്പ്. ഇതുവരെ നാലു ഗോളും അത്രതന്നെ അസിസ്റ്റുമായി എതിരാളികൾക്കു പിടികൊടുക്കാതെ മെസ്സി അർജൻറീനയെ മുന്നോട്ടു നയിക്കുകയാണ്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എക്വഡോറിനെതിരെ സൂപ്പർ ഫ്രീകിക്ക് ഗോളും താരം നേടി. മെസ്സിയെ പൂട്ടാനുള്ള തന്ത്രങ്ങൾ മെനഞ്ഞായിരിക്കും എതിരാളികൾ കളത്തിലെത്തുക. കൊളംബിയയുടെ എവർട്ടൻ-ടോട്ടൻഹാം പ്രതിരോധതാരങ്ങളായ യെറി മിനയും ഡേവിസൺ സാഞ്ചസും മെസ്സിയെ ഒതുക്കിയാൽ മുന്നിൽനിന്ന് നയിക്കാൻ മറ്റൊരു താരം ഇല്ല എന്നതാണ് അർജൻറീനയുടെ ഏറ്റവും വലിയ പോരായ്മ. പ്രതിരോധത്തിൽ ടീം പവർഫുളാണ്. രണ്ടേരണ്ടു ഗോളുകൾ മാത്രമേ ഇതുവരെ വഴങ്ങിയിട്ടുള്ളൂ.
ടൂർണമെൻറിൽ കൊളംബിയയുടെ ട്രാക്ക് റെക്കോഡ് അത്ര മികച്ചതല്ല. ഗ്രൂപ് റൗണ്ടിൽ ഒരു മത്സരം മാത്രം വിജയിച്ച് കഷ്ടപ്പെട്ടാണ് മുന്നോട്ടുള്ള പ്രയാണം. ഉറുഗ്വായിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്. ക്യാപ്റ്റനും ഗോൾകീപ്പറുമായ നാപോളി താരം ഡേവിഡ് ഒസ്പിനയായിരിക്കും അർജൻറീനക്ക് വലിയ വെല്ലുവിളി. അറ്റ്ലാൻറ സ്ട്രൈക്കർമാരായ ലൂയിസ് മുറിയലും ഡുവാൻ സപാറ്റയും സ്കോറിങ്ങിലെത്തിയാൽ കൊളംബിയക്ക് അനായാസം കളി സ്വന്തമാക്കാം. ക്വാർട്ടറിൽ പരിക്കുകാരണം ഇറങ്ങാതിരുന്ന യുവൻറസ് താരം യുവാൻ കഡ്രാഡോ തിരിച്ചെത്തുേമ്പാൾ ടീം സെറ്റാവും. ഇതുവരെ 40 തവണ ഏറ്റുമുട്ടിയപ്പോൾ 23ഉം ജയിച്ചത് അർജൻറീനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.