ലിവർപൂളിനെ വീഴ്ത്തിയ ഫോറസ്റ്റുകാരെ വെടിവെച്ചിട്ട് ഗണ്ണേഴ്സ്

ലിവർപൂളിനെ വീഴ്ത്തിയ ഫോറസ്റ്റുകാർക്കെതിരെ ഗോളടിമേളവുമായി ഗണ്ണേഴ്സ്

ലണ്ടൻ: ദിവസങ്ങൾക്ക് മുമ്പ് മുൻ യൂറോപ്യൻ ചാമ്പ്യൻമാരെ മറിച്ചിട്ട ആവേശത്തിൽ ഗണ്ണേഴ്സ് മൈതാനത്ത് പന്തു തട്ടാനെത്തിയ നോട്ടിങ്ഹാം ​ഫോറസ്റ്റിന് സമാനതകളില്ലാത്ത വീഴ്ച. കഴിഞ്ഞ ദിവസം യൂറോപ ലീഗിൽ പി.എസ്.വി ഐന്തോവനോടേറ്റ തോൽവിക്ക് പ്രിമിയർ ലീഗിൽ ആശ്വാസം കണ്ടെത്തിയാണ് ആഴ്സണൽ എതിരില്ലാത്ത അഞ്ചു ഗോളിന് എതിരാളികളെ മുക്കിയത്.

ഉടനീളം എതിരാളികൾക്ക് അവസരം നൽകാതെ മൈതാനം നിറഞ്ഞ ഗണ്ണേഴ്സ് കളിയുടെ അഞ്ചാം മിനിറ്റിൽ ഗോളടി തുടങ്ങി. ബുകായോ സാക തളികയിലെന്ന പോലെ നൽകിയ പാസിൽ ഗബ്രിയേൽ മാർടിനെല്ലി ആയിരുന്നു ആദ്യ ഗോൾ കുറിച്ചത്. സാക പരിക്കു പറ്റി പുറത്തുപോയ ഒഴിവിൽ എത്തിയ റീസ് നെൽസന്റെ വകയായിരുന്നു പിന്നീടുള്ള രണ്ടെണ്ണം.

തോമസ് പാർടിയും മാർടിൻ ഓഡിഗാർഡും പട്ടിക പൂർത്തിയാക്കി. ജയത്തോടെ ലീഗ് പോയിന്റ് പട്ടികയിൽ ഗണ്ണേഴ്സ് രണ്ട് പോയിന്റ് ലീഡുമായി വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറി. ഇതുവരെയുള്ള12 കളികളിൽ 10ഉം ജയിച്ച ടീമിന് 31 പോയിന്റാണ് സമ്പാദ്യം. അത്രയും കളികളിൽ 29 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും 26 ഉള്ള ടോട്ടൻഹാം മൂന്നാമതുമാണ്.

ലോകകപ്പിന് നാളുകൾ ബാക്കിനിൽക്കെ ഇംഗ്ലീഷ് നിരയുടെ കരുത്തായ സാക പരിക്കേറ്റുമടങ്ങിയ​ത് ദേശീയ ടീമിനെ പ്രതിസന്ധിയിലാക്കും. റെനാൻ ലോഡിയുടെ ടാക്ലിങ്ങിൽ വീണ വിങ്ങറായ സാക 27ാം മിനിറ്റിൽ മടങ്ങുകയായിരുന്നു. അതേ സമയം, ഒരു ഗോൾ നേരത്തെ വീണിട്ടും ഒന്നാം പകുതിയിൽ പിടിച്ചുകളിച്ച ഫോറസ്റ്റ് ഇടവേളക്കു​ശേഷം ദയനീയമായി തകരുന്നതായിരുന്നു കാഴ്ച. ദുർബലമായ പ്രതിരോധത്തെ കാഴ്ചക്കാരാക്കിയായിരുന്നു ഗണ്ണേഴ്സ് ഗോളുകളോരോന്നും. മൂന്ന് അസിസ്റ്റുകളുമായി ഗബ്രിയേൽ ജീസസ് ആഴ്സണൽ വിജയത്തിൽ നിർണായകമായി.

'സെഞ്ച്വറി'യടിച്ച് റാഷ്ഫോഡ്; യുനൈറ്റഡിന് ജയം

85ാം പിറന്നാൾ ആഘോഷിക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബിന്റെ ആഘോഷം കൊഴുപ്പിച്ച് മാർകസ് റാഷ്ഫോഡ്. വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ റാഷ്ഫോഡ് ഗോളിൽ ജയിച്ച ടീം ഇതോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ടീമിനായി റാഷ്ഫോഡിന്റെ 100ാം ഗോളായിരുന്നു ഇത്. പലവട്ടം ഗോളിനരികെയെത്തിയ നീക്കങ്ങളുമായി മി​ഖായേൽ അന്റോണിയോയും കുർട് സൂമയും അപകടം വിതച്ചെങ്കിലും യുനൈറ്റഡ് ഗോളി ഡേവിഡ് ഗീ അപകടമൊഴിവാക്കുകയായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.