ഹോളണ്ടിലെ ഫുട്‌ബോള്‍ ക്ലബ്ബായ പി.എസ്.വി ഐന്തോവനിലേക്കാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖരുടെ കണ്ണുകള്‍. വിങ്ങില്‍ പറന്ന് കളിക്കുന്ന കോഡി ഖാക്‌പോയെ സ്വന്തമാക്കുകയാണ് ലക്ഷ്യം. ആഴ്‌സനല്‍ കോച്ച് മൈക്കല്‍ അര്‍ടെറ്റയാണ് ഖാക്‌പോക്ക് വേണ്ടി ശക്തമായി രംഗത്തുള്ളത്. ലീഡ്‌സ് യുനൈറ്റഡ് വിങ്ങര്‍ റാഫീഞ്ഞയെ ടീമിലെത്തിക്കാനുള്ള ശ്രമം പാളിപ്പോയതിന്റെ നിരാശയിലാണ് അര്‍ടെറ്റ. ബാഴ്‌സലോണയില്‍ കളിക്കുക എന്ന സ്വപ്‌നം പൂവണിയിക്കാനാണ് റാഫീഞ്ഞ ആഴ്‌സനലിന്റെ ഓഫര്‍ നിരസിച്ചത്.
പി.എസ്.വി ഐന്തോവന്‍ താരത്തിന്റെ കാര്യത്തില്‍ സമാനമായൊരു മുന്‍തൂക്കം ആഴ്‌സനലിനുണ്ട്. ഖാഗ്‌പോയുടെ ബാല്യകാല ഹീറോ ആയിരുന്ന തിയറി ഒൻറി ആഴ്‌സനലിന്റെ ലെജന്‍ഡാണ്. 23കാരന്‍ പറയുന്നത് തനിക്ക് തിയറിയെപോലെ ലോകോത്തര വിങ്ങറായി അറിയപ്പെടണമെന്നാണ്. മറ്റൊരാഗ്രഹം പ്രീമിയര്‍ ലീഗ് കളിക്കുക എന്നതും. രണ്ടും കൂടി ചേരുക ആഴ്‌സനലിന്റെ ജഴ്‌സി അണിയുമ്പോഴാകും. പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയ്മില്‍ അലന്‍ ഷിയറര്‍ക്കൊപ്പം ആദ്യം ഇടംപിടിച്ച താരമാണ് തിയറി ഒൻറി.
ഖത്തര്‍ ലോകകപ്പിനുള്ള ഡച്ച് ടീമില്‍ ഖാക്‌പോ ഇടം പിടിക്കും. പി.എസ്.വിയുടെ പ്രധാന താരമായി മാറിയതാണ് ഖാക്‌പോയുടെ തലവര മാറ്റിയത്. ആഴ്‌സനല്‍ പോലെ ഖാക്‌പോക്ക് പ്രിയപ്പെട്ട പ്രീമിയര്‍ ലീഗ് ടീമാണ് ലിവര്‍പൂള്‍. ഡച്ച് താരം വിര്‍ജില്‍ വാന്‍ഡൈക് ലിവര്‍പൂളിനായി കളിക്കുന്നത് ഖാക്‌പോയെ ആവേശം കൊള്ളിക്കാറുണ്ട്.
കഴിഞ്ഞ ഡച്ച് എ-ഡിവിഷനില്‍ അയാക്‌സിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് പി.എസ്.വി ഫിനിഷ് ചെയ്തത്. 27 മത്സരങ്ങളില്‍ നിന്ന് ഖാക്‌പോ 12 ഗോളുകള്‍ നേടുകയും 13 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തത് പി.എസ്.വിയുടെ കുതിപ്പിന് കരുത്തേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.