ഏഥൻസ്: യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ ആതിഥേയരായ ഗ്രീസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഒലീ വാട്കിൻസ് (ഏഴാം മിനിറ്റ്), കർട്ടിസ് ജോൺസ് (83') എന്നിവരുടെ ഗോളിന് പുറമെ ഗ്രീക്ക് ഗോൾകീപ്പർ ഒഡിസിയാസ് വ്ളാകോഡിമോസ് വഴങ്ങിയ സെൽഫ് ഗോളുമാണ് ഇംഗ്ലണ്ടിന് വമ്പൻ ജയമൊരുക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്ന് 12 പോയന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഞായറാഴ്ച അയർലൻഡിനെതിരെയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം.
ഏഴാം മിനിറ്റിൽ വാട്കിൻസാണ് ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടിയത്. നോനി മദുവേക്കയുടെ കട്ട്ബാക്ക് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഗ്രീക്ക് നിര പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആദ്യ പകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയിലെ 78-ാം മിനിറ്റിൽ നാടകീയമായ മറ്റൊരു ഗോൾ പിറന്നു. ജൂഡ് ബെല്ലിങ്ങാമിന്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി ബൗൺസ് ചെയ്തു. ഇത് ഗോളി വ്ളാകോഡിമോസിന്റെ പുറത്തുതട്ടി തിരികെ ഗോൾ പോസ്റ്റിനുള്ളിലേക്ക് കയറി. ഇതോടെ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. നാല് മിനിറ്റിന് ശേഷം കർട്ടിസ് ജോൺസ് നേടിയ ഗോളോടെ ഇംഗ്ലീഷ് പട ജയമുറപ്പിച്ചു.
12 പോയന്റ് തന്നെയുള്ള ഗ്രീസ് പട്ടികയിൽ രണ്ടാമതാണ്. ഗോൾവ്യത്യാസത്തിന്റെ മുൻതൂക്കത്തിലാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്. ഫിൻലൻഡിനെതിരെയാണ് ഗ്രീസിന്റെ അടുത്ത മത്സരം. മറ്റ് രണ്ട് മത്സരങ്ങളിൽ നോർത്ത് മാസിഡോണിയ ലാത്വിയക്കെതിരെ (1-0) ജയം സ്വന്തമാക്കിയപ്പോൾ ഫ്രാൻസിനെ ഇസ്രായേൽ (0-0) സമനിലയിൽ തളച്ചു. 57-ാം മിനിറ്റിൽ നിക്കോളാ സെരാഫിമോവ് നേടിയ ഗോളിലാണ് മാസിഡോണിയയുടെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.