ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ആഴ്സണൽ. 53ാം മിനിറ്റിൽ ഗബ്രിയേൽ ജീസസും 87ാം മിനിറ്റിൽ കെയ് ഹാവർട്സുമാണ് ഗണ്ണേഴ്സിനായി വല കുലുക്കിയത്. ജയത്തോടെ 17 മത്സരങ്ങളിൽ 39 പോയന്റുമായി ലിവർപൂളിനെ മറികടന്ന് ഒന്നാമതെത്താനും ആഴ്സണലിനായി. ഒരു മത്സരം കുറച്ചുകളിച്ച ലിവർപൂളിന് 38 പോയന്റാണുള്ളത്. ഇന്ന് നടക്കുന്ന ലിവർപൂൾ-മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരത്തിൽ ജയിക്കാനായാൽ ലിവർപൂളിന് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാനാകും.
ആദ്യ പകുതിയിൽ ആഴ്സണൽ വ്യക്തമായ മേധാവിത്തം നേടിയെങ്കിലും ഗോളടിക്കാനായില്ല. ജീസസും സാകയും മാർട്ടിനെല്ലിയും ഒഡേഗാർഡുമെല്ലാം അവസരം തുലക്കുന്നതിൽ മത്സരിച്ചു. പലപ്പോഴും ബ്രൈറ്റൺ ഗോൾകീപ്പറുടെ തകർപ്പൻ സേവുകളാണ് അവരുടെ വഴിമുടക്കിയത്. എന്നാൽ, രണ്ടാം പകുതി തുടങ്ങി എട്ട് മിനിറ്റിനകം ഗബ്രിയേൽ ജീസസ് വല കുലുക്കി. സാക എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ എൻകേറ്റിയയുടെ അസിസ്റ്റിൽ കെയ് ഹാവർട്സും ലക്ഷ്യം നേടുകയായിരുന്നു. 26 ഷോട്ടുകളാണ് ആഴ്സണൽ എതിർവല ലക്ഷ്യമാക്കി തൊടുത്തുവിട്ടത്.
നിർണായകമായ മറ്റൊരു പോരാട്ടത്തിൽ ബ്രെന്റ്ഫോഡിനെതിരെ 2-1ന് ജയിച്ച് ആസ്റ്റൺ വില്ല വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കി. ഇതോടെ സിറ്റിയെക്കാൾ ടീമിന് നാലു പോയിന്റ് ലീഡായി. കുദുസ് രണ്ടു വട്ടം ഗോളടിച്ച മൂന്നാം അങ്കത്തിൽ വെസ്റ്റ് ഹാം വുൾവ്സിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.