ആഴ്സീൻ വെംഗറിനു കീഴിൽ അലക്സിസ് സാഞ്ചസിനൊപ്പം ഗണ്ണേഴ്സ് മുൻനിരയിൽ കളിയഴകിെൻറ സുൽത്താനായി നീണ്ട വർഷങ്ങൾ കളം വാണ മെസ്യൂട്ട് ഓസിലിെൻറ പ്രിമിയർ ലീഗ് യുഗത്തിന് അപ്രതീക്ഷിത അന്ത്യം? മൈക്കൽ ആർട്ടേറ്റ പരിശീലകനായി എത്തിയതോടെ ടീം ഇലവനിൽ നിന്ന് എന്നേ പുറത്തായ ഓസിൽ തുർക്കി ക്ലബായ ഫെനർബാഹുമായി മൂന്നര വർഷത്തേക്ക് കരാറിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ടീമിെൻറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് ആഴ്സണലിൽ തുടർന്ന ജർമൻ താരം എട്ടു വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മുമ്പ് ഉർദുഗാനൊപ്പം നിന്ന് വിവാദങ്ങൾ സൃഷ്ടിച്ച തുർക്കിയിലേക്ക് പോകുന്നത്.
2014ൽ ജർമനി ലോകകപ്പിൽ മുത്തമിടുേമ്പാൾ നിർണായക സാന്നിധ്യമായിരുന്ന ഓസിൽ സാഞ്ചസിനൊപ്പം ആഴ്സണലിൽ പന്തുതട്ടിയ സുവർണ കാലം ടീമിന് വലിയ നേട്ടങ്ങൾ കൂടി സമ്മാനിച്ച ഘട്ടമായിരുന്നു. അവസാന നാളുകളിൽ ഫോം മങ്ങിയതിനൊപ്പം അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് ആരാധകരുടെ അനിഷ്ടവും സ്വന്തമാക്കിയതിനു പിന്നാലെയാണ് പുതിയ സീസണിനുള്ള പ്രിമിയർ ലീഗ്, യൂറോപ് ലീഗ് സ്ക്വാഡുകളിൽനിന്ന് ഓസിലിനെ കോച്ച് പുറത്തിരുത്തിയത്. അവസരം കുറഞ്ഞതോടെ തുർക്കി ക്ലബിനൊപ്പം അമേരിക്കൻ മുൻനിര ടീമായ ഡി.സി യുനൈറ്റഡുമായും ഓസിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഫെനർബാഹ് അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കിയതോടെ ക്ലബ് ചെയർമാനും ഡയറക്ടറും നേരെ ലണ്ടനിലേക്ക് പറന്നതായി റിപ്പോർട്ടുകൾ പറയുന്നു.
2013ൽ റയൽ മഡ്രിഡിൽനിന്നാണ് ഓസിൽ പ്രതിവാരം മൂന്നര ലക്ഷം പൗണ്ടിന് ആഴ്സണലിലെത്തിയത്. തുടക്കം ഗംഭീരമാക്കിയെങ്കിലും അവസാന ഘട്ടത്തിൽ നിറംമങ്ങിയ താരം കഴിഞ്ഞ വർഷം മാർച്ച് മുതൽ ക്ലബ് ജഴ്സിയിൽ ഇറങ്ങിയിരുന്നില്ല. സീസൺ അവസാനത്തോടെ ക്ലബുമായി കരാർ അവസാനിക്കാനിരിക്കുകയുമാണ്.
തുർക്കി പൗരത്വവുമുള്ള ഓസിൽ കഴിഞ്ഞ വർഷം വിവാഹസമയത്ത് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം നിന്ന് ഫോട്ടോയെടുത്തത് ജർമനിയിൽ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ചൈന ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ നടത്തുന്ന ക്രൂരതകളൂം ഓസിൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.