ദോഹ: ഏഷ്യൻ കപ്പ് സീനിയർ പോരാട്ടത്തിന് കൊടിയിറങ്ങിയ മണ്ണിൽ കളിയുത്സവവുമായി യുവതാരങ്ങളെത്തുന്നു. ഏപ്രിൽ 15ന് കിക്കോഫ് കുറിക്കുന്ന അണ്ടർ 23 ഏഷ്യൻ കപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപനക്ക് വെള്ളിയാഴ്ച തുടക്കം കുറിച്ചു. 15 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ‘ഹയ്യ ടു ഖത്തർ’ പ്ലാറ്റ്ഫോം വഴിയാണ് ടിക്കറ്റ് ബുക്കിങ്. ഖത്തറിലുള്ളവർക്കും വിദേശ രാജ്യങ്ങളിൽനിന്നുള്ള ആരാധകർക്കും ഇതേ പ്ലാറ്റ്ഫോം വഴി തന്നെ മാച്ച് ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഏപ്രിൽ15ന് തുടങ്ങി മേയ് മൂന്നു വരെ നീളുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് മാറ്റുരക്കുന്നത്.ഏപ്രിൽ 15ന് ഉദ്ഘാടന മത്സരങ്ങളിൽ വൈകീട്ട് നാലിന് ആസ്ട്രേലിയയും ജോർഡനും അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലും, ആതിഥേയരായ ഖത്തറും ഇന്തോനേഷ്യയും രാത്രി 6.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലും ഏറ്റുമുട്ടും.
ഏഷ്യയിലെ കരുത്തരായ 16 യുവ സംഘങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ് ഈ വർഷം ആഗസ്റ്റിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിലേക്കുള്ള ഫുട്ബാൾ യോഗ്യത പോരാട്ടം കൂടിയാകും. ടൂർണമെന്റിലെ ആദ്യ മൂന്നു സ്ഥാനക്കാർ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടും. നാലാം സ്ഥാനക്കാർ ഒളിമ്പിക് ടിക്കറ്റിനായി ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷനിൽനിന്നുള്ള ടീമുമായി േപ്ല ഓഫ് കളിച്ച് ടിക്കറ്റുറപ്പിക്കാം.
ഏഷ്യൻ ഫുട്ബാളിലെ മിടുക്കരായ 16 ടീമുകളാണ് അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ പന്തുതട്ടുന്നത്. ആതിഥേയരായ ഖത്തറിനൊപ്പം ദക്ഷിണ കൊറിയ, ജപ്പാൻ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയവരുമുണ്ട്. ലോകകപ്പിന് വേദിയായ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം എന്നിവക്കൊപ്പം ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയാണ് വേദികൾ. ഇതാദ്യമായി യൂത്ത് ചാമ്പ്യൻഷിപ്പിന് ലോകകപ്പ് ഫുട്ബാൾസ്റ്റേഡിയങ്ങൾ വേദിയൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഏഷ്യൻ ഫുട്ബാളിലെയും ലോകഫുട്ബാളിലെയും ഭാവിതാരങ്ങളുടെ പോരാട്ടത്തിനായിരിക്കും ഏപ്രിൽ 15 മുതൽ ഖത്തർ വേദിയാകുന്നതെന്ന് ടൂർണമെന്റ് സംഘാടകസമിതി സി.ഇ.ഒ ജാസിം അൽ ജാസിം പറഞ്ഞു. നാല് ടീമുകൾ വീതം നാല് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ട മത്സരങ്ങൾ. ഏപ്രിൽ 25നാണ് നോക്കൗട്ട് മത്സരങ്ങളുടെ തുടക്കം.
ഏഷ്യൻ കപ്പ് അണ്ടർ 23 ചാമ്പ്യൻഷിപ്പിനുള്ള മാച്ച് ടിക്കറ്റുകൾ ഹയ്യ ടു ഖത്തർ മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാം. ഹയ്യാ ലോഗിൻ ചെയ്ത് പ്രവേശിച്ചാൽ തന്നെ ടിക്കറ്റ് വിൻഡോ ലഭ്യമാകും. ഗ്രൂപ് റൗണ്ടിൽ കാറ്റഗറി ഒന്നിന് 20-30 റിയാലും, കാറ്റഗറി രണ്ടിന് 15-20 റിയാലുമാണ് നിരക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.