ദോഹ: ഏഷ്യൻ കപ്പിൽ അരങ്ങേറ്റക്കാരായെത്തിയ തജികിസ്താൻെറ അട്ടിമറിക്കുതിപ്പിൽ അടിപതറി യു.എ.ഇ പുറത്ത്. ഞായറാഴ്ച നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു തജികിസ്താൻ കരുത്തരായ യു.എ.ഇക്ക് മടക്ക ടിക്കറ്റ് നൽകിയത്. നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ കളി, അധികസമയത്തേക്ക് നീണ്ടുവെങ്കിലും ഫലം പിറന്നില്ല. ഒടുവിൽ ഷൂട്ടൗട്ടിൽ ലക്ഷ്യം തെറ്റാതെ നിറയൊഴിച്ച് തജിക്, 5-3ൻെറ ജയവുമായി ക്വാർട്ടർ ഫൈനലിൽ ഇടം ഉറപ്പിച്ചു.
30ാം മിനിറ്റിൽ പ്രതിരോധ താരം വഹ്ദത് ഹനോനോവിൻെറ ഹെഡ്ർ ഗോളിൽ യു.എ.ഇ വലകുലുക്കികൊണ്ടാണ് തജികിസ്താൻ ഗാലറിയെ ഇളക്കി മറിക്കുന്നത്. എതിരാളികളെ പ്രതിരോധത്തിലാക്കിയ ആദ്യഗോളിനു ശേഷം, തജിക് കളിയിൽ മേധാവിത്വം നിലനിർത്തി. എതിരാളികളുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് കളംവാണവർ, അവസാന മിനിറ്റു വരെ പിടിച്ചു നിന്നെങ്കിലും ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിൽ യു.എ.ഇ തിരിച്ചടിച്ചു. ഗാലറിയുടെ അകമഴിഞ്ഞ പിന്തുണയോടെ കളിച്ച ഇമാറാത്തി സംഘം ഖലീഫ അൽ ഹമദിയുടെ ഹെഡ്ഡർ ഗോളിൽ തിരിച്ചെത്തിയപ്പോൾ കളിയുടെ ആവേശവും മുറുകി. ഇതോടെ, മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വിധിനിർണയമെത്തിയപ്പോൾ തജികിൻെറ ഗോൾ കീപ്പർ റുസ്തം യതിമോവ് താരമായി. യു.എ.ഇയുടെ കായോ കാനിഡോയുടെ കിക്കിനെ തടുത്തിട്ട റുസ്തം ടീമിന് ക്വാർട്ടറിലേക്കുള്ള ടിക്കറ്റാണ് സമ്മാനിച്ചത്. തജികിൻെറ അഞ്ച് ഷോട്ടുകളും വലയിൽ പതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.