ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനൊരുങ്ങുന്ന ഖത്തറിലേക്ക് ആദ്യം പറന്നിറങ്ങുന്നത് ഇഗോർ സ്റ്റിമാകിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ നീലപ്പട. ജനുവരി 12ന് കിക്കോഫ് ചെയ്യുന്ന ടൂർണമെൻറിനുള്ള ഇന്ത്യൻ ടീം ഡിസംബർ 30ന് തന്നെ ദോഹയിലെത്തും.
ന്യൂഡൽഹിയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ശനിയാഴ്ച വൈകീട്ടോടെ സുനിൽ ഛേത്രിയും സംഘവും ഹമദ് വിമാനത്താവളത്തിലെത്തും.ടൂർണമെൻറിനു മുമ്പ് സന്നാഹ മത്സരങ്ങളില്ലാതെയാണ് ഇന്ത്യയുടെ വരവ്. രണ്ടാഴ്ച മുമ്പാണ് ഏഷ്യൻ കപ്പിനുള്ള 50 അംഗ ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തത്. ഇന്ത്യൻസൂപ്പർ ലീഗിലും, ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളെ കൊള്ളിച്ചാണ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. ഇവരിൽനിന്ന് 30 അംഗ സംഘവുമായാണ് ഇന്ത്യ ദോഹയിലെത്തുന്നത്.
ഏതാനും ദിവസത്തെ പരിശീലന ക്യാമ്പിനു ശേഷം, ജനുവരി മൂന്നോടെ ഏഷ്യൻ കപ്പിനുള്ള 26അംഗ സംഘത്തെ കോച്ച് പ്രഖ്യാപിക്കും. സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ എന്നീ മലയാളി താരങ്ങളാണ് ടീമിലുള്ളത്.
സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, മൻവീർ സിങ്, ലാലിയാൻസുവാല ചാങ്തേ, ഗുർപ്രീത് സിങ്, ഉദാന്ത, ലിസ്റ്റൺ കൊളാസോ, രാഹുൽ ഭെകെ തുടങ്ങിയ പരിചയ സമ്പന്നരുമുണ്ട്. ഐ.എസ്.എൽ മത്സരങ്ങൾ വെള്ളിയാഴ്ചയോടെ ഇടവേളക്ക് പിരിയുന്നതിനു പിന്നാലെയാണ് ദേശീയ ടീം ദോഹയിലേക്ക് പറക്കുന്നത്.
ജനുവരി 13ന് ശക്തരായ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന്, 18ന് ഉസ്ബകിസ്താനെയും, 23ന് സിറിയയെയും നേരിടും. ശക്തമായ മത്സരങ്ങൾ മുന്നിലുള്ളതിനാൽ, ലീഗിലെ നിരന്തര മത്സരങ്ങളിൽ തളർന്ന കളിക്കാർക്ക് മറ്റൊരു സന്നാഹ മത്സരം വേണ്ടെന്നാണ് കോച്ച് സ്റ്റിമാകിന്റെ നിലപാട്. പരിക്ക് ഒഴിവാക്കാനുള്ള മുൻകരുതൽ കൂടിയാണ് ഈ തീരുമാനമെന്ന് ടീമുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.