ദോഹ: ആർത്തിരമ്പിയ ഗാലറിക്കു നടുവിൽ, കരുത്തരായ എതിരാളികളുടെ വെല്ലുവിളികളെ രണ്ടു ഗോളിൽ പിടിച്ചുകെട്ടി ഏഷ്യൻ ഫുട്ബാൾ വേദിയിൽ ഇന്ത്യയുടെ ധീരോദാത്തമായ പ്രകടനം.
ഏഷ്യൻ കപ്പ് ഗ്രൂപ്പ് ‘ബി’യിൽ തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ലോകറാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള സോക്കറൂസിനെതിരെ ഈ ഫലം തന്നെ മികവിൻെറ സൂചികയായി അടയാളപ്പെടുത്തും. ഗോൾരഹിതാമായി പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം, കളിയുടെ 50, 73മിനിറ്റുകളിലായിരുന്നു ആസ്ട്രേലിയയുടെ ഗോളുകൾ.
പൂർണസമയവും മൂഴവൻ മികവോടെ പ്രതിരോധം കാത്ത താരങ്ങൾക്കു സംഭവിച്ച വീഴ്ചയിൽ 50ാം മിനിറ്റിൽ ജാക്സൻ ഇർവിൻ ആദ്യ ഗോൾ നേടി. പകരാക്കാരാനായിറങ്ങിയ ജോർഡൻ ബോസ് 73ാം മിനിറ്റിൽ രണ്ടാം ഗോളും നേടി സോക്കറൂസിന് ആദ്യ ജയം സമ്മാനിച്ചു.
സ്കോർ ബോർഡിലെ ഫലത്തിൽ ഇന്ത്യ തോറ്റുവെങ്കിലും, കളിമികവിലും ആരാധക ഹൃദയങ്ങളിലും ഇടം നേടുന്ന പ്രകടനവുമായാണ് സുനിൽ ഛേത്രിയും സംഘവും ലോകകപ്പ് വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ ആദ്യ അങ്കം പൂർത്തിയാക്കി മടങ്ങുന്നത്. ഗോൾ കീപ്പർ ഗുർപ്രീത് സിങ് മുതൽ സന്ദേശ് ജിങ്കാൻ, സുഭാഷിഷ്, രാഹുൽ ഭേകെ, ദീപക് താങ്ക്റി തുങ്ങിയ താരങ്ങളെല്ലാം പ്രതിരോധക്കരുത്തിൽ ഒന്നിനൊന്ന് മിന്നും പ്രകടനം കാഴ്ചവെച്ചു. 18ന് ഉസ്ബെകിസ്താനെതിരെ ഇതേ വേദിയിലാണ് ഇന്ത്യയുടെ രണ്ടാം അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.