ദോഹ: ബുധനാഴ്ച രാത്രിയിൽ അൽ തുമാമ സ്റ്റേഡിയത്തിൽ ഖത്തറിന്റെ വിജയഭേരി മുഴങ്ങുംമുേമ്പ ദോഹയിലെ ആഘോഷങ്ങളുടെ സംഗമവേദിയായ സൂഖ് വാഖിഫിൽ പാട്ടും തപ്പുമായി മേളത്തിന് കൊടിയേറിയിരുന്നു. ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് കന്നി ഫൈനലിന് ഇടം ഉറപ്പിച്ച ജോർഡൻ ആരാധകർ കറുപ്പും വെളുപ്പും പച്ചയും ഒപ്പം ചുവന്ന ത്രികോണത്തിലെ നക്ഷത്രത്തിളക്കവുമുള്ള പതാകയും പുതച്ച് ആഘോഷങ്ങൾക്ക് ചടുലമാക്കുന്നതിനിടെയാണ് അൽ തുമാമയിൽ ഖത്തർ-ഇറാൻ ‘ൈഹ ടെംപോ’മാച്ചിന് ലോങ് വിസിൽ മുഴങ്ങുന്നത്.
ഏഷ്യൻ കപ്പ് കിരീടമോഹവുമായെത്തിയ ലോക 21ാം നമ്പറുകാരായ ഇറാനെ 3-2ന് തകർത്ത് തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ച ആരാധകർ അൽ തുമാമയിൽനിന്ന് സൂഖിലേക്ക് ഓടിയെത്തി. തൂവെള്ള കന്തൂറയണിഞ്ഞ പുരുഷന്മാർക്കൊപ്പം വനിതകളുംകൂടി ചേർന്ന് കൂറ്റൻ ദേശീയ പതാകകളേന്തി, മറൂൺ നിറത്തിലെ ഷാളും പുതച്ച് സൂഖ് വാഖിഫിലെ വഴികളെ സജീവമാക്കിയപ്പോൾ ലോകകപ്പ് ഫുട്ബാൾ നാളുകളിലെ രാത്രികൾ വീണ്ടും ജനിച്ചു.
ഫൈനലിസ്റ്റുകളായ രണ്ടു ടീമുകളുടെയും ആഘോഷംകൊണ്ട് സജീവമായിരുന്നു ബുധനാഴ്ച രാത്രിയിൽ ഖത്തറിന്റെ പൈതൃക അങ്ങാടി.
പ്രവചനങ്ങളെല്ലാം തെറ്റിയ ‘ഡ്രീം ഫൈനൽ’
ടൂർണമെൻറിലെ ഫേവറിറ്റുകളായെത്തിയ ഹ്യൂങ് മിൻസണിന്റെ ദക്ഷിണ കൊറിയയും വതാരു എൻഡോയുടെ ജപ്പാനും സാലിം ദൗസരിയുടെ സൗദി അറേബ്യയും ഡ്യൂക് മിച്ചലിന്റെ ആസ്ട്രേലിയയും ഉൾപ്പെടെ വമ്പന്മാരെല്ലാം പാതിവഴിയിൽ വീണു മടങ്ങിയപ്പോഴാണ് പ്രവചനപ്പട്ടികയിൽ ഇടംനേടാത്ത രണ്ടു പേർ ഫൈനലിലേക്ക് ജൈത്രയാത്ര നടത്തിയത്. തീർത്തും എതിരാളികളുടെ വലുപ്പത്തെയും,കളിമികവിനെയും താരത്തിളക്കത്തെയും ഭയക്കാതെ ആക്രമണം ആയുധമാക്കി പ്രഹരിച്ചായിരുന്നു ഖത്തറും ജോർഡനും സെമി ഫൈനൽ പോരാട്ടം തങ്ങളുടേതാക്കിയത്. ഇറാനെതിരായ മത്സരത്തിൽ കളിയുടെ നാലാം മിനിറ്റിൽ പിന്നിലായ ഖത്തർ ഒട്ടും പതറാതെ നടത്തിയ മുന്നേറ്റങ്ങൾ വിജയത്തിന്റെ സൂത്രവാക്യമായി. 17ാം മിനിറ്റിൽ ജാസിം ജാബിറിലൂടെ സമനില നേടിയ അവർ, 43ാം മിനിറ്റിൽ മുന്നേറ്റനിരയിലെ കുന്തമുന അക്രം അഫീഫിന്റെ എല്ലാം തികഞ്ഞ ക്ലാസിക്കൽ ഗോളിലൂടെ ലീഡ് പിടിച്ചായിരുന്നു ഒന്നാം പകുതിക്ക് പിരിഞ്ഞത്.
ആവേശം കൂടുതൽ മുറുകിയ രണ്ടാം പകുതിയിൽ ഇറാൻ ആക്രമണത്തിന് വീര്യം കൂട്ടിയെങ്കിലും തുടർച്ചയായി പന്ത് ഹോൾഡ് ചെയ്തും കുറ്റമറ്റ മുന്നേറ്റങ്ങൾ നെയ്തും ഖത്തർ കളി തങ്ങളുടേതാക്കി. പെനാൽറ്റിയിലൂടെ ഇറാൻ ഒപ്പമെത്തിയപ്പോൾ നിശ്ശബ്ദമായ ഗാലറി വർധിതവീര്യത്തോടെ പിന്തുണ തുടർന്നപ്പോഴായിരുന്നു, 82ാം മിനിറ്റിൽ ഓഫ് സൈഡ് മാർക്ക് പൊളിച്ച്, എതിർ പ്രതിരോധത്തെ കബളിപ്പിച്ചുകൊണ്ട് കാത്തിരുന്ന അൽ മുഈസ് അലി വിജയ ഗോൾ കുറിച്ചത്. ഇറാന്റെ പ്ലാനുകളെയെല്ലാം പൊളിക്കുന്നതായിരുന്നു മൂന്നാം ഗോൾ. ഒടുവിൽ 13 മിനിറ്റ് ഇഞ്ചുറി ടൈം 16ാം മിനിറ്റുവരെ നീണ്ടപ്പോൾ ഗാലറിയിലെ പിരിമുറുക്കം മൂർധാവ് വരെ വലിഞ്ഞുകയറി. ഇതിനിടെ, രണ്ടു മൂന്ന് തവണ ഇറാന്റെ ഷോട്ടുകൾക്ക് മുന്നിൽ ഖത്തറിന്റെ ഗോൾ പോസ്റ്റുകളും ഗോളിയുമെല്ലാം ഭാഗ്യങ്ങളായി മാറി.
ഇനി ശനിയാഴ്ച ലുസൈലിൽ കാണാം, ആരാണ് 18ാമത് ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ അവകാശിയെന്ന്. ലയണൽ മെസ്സി ലോക കിരീടമുയർത്തിയ ഭാഗ്യമണ്ണിൽ വൻകരയുടെ ഫുട്ബാൾ കിരീടത്തിൽ ഖത്തറിന്റെ ഹസൻ അൽ ഹൈദോസിന്റെയോ അതോ, ജോർഡൻ നായകൻ ഇഹ്സാൻ ഹദ്ദാദിന്റെ മുത്തമോ പതിയുകയെന്ന ചോദ്യത്തിനുത്തരവുമായി കാത്തിരിക്കുകയാണ് ആരാധകലോകം. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 8.30നാണ് ഫൈനൽ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.