ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ വൻകരയിലെ ആരാധകർ കാത്തിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കുമെന്ന് 2023 എ.എഫ്.സി ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി മാർക്കറ്റിങ് ഡയറക്ടർ ഹസൻ റാബിഅ അൽ കുവാരി അറിയിച്ചു. അടുത്തവർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ടിക്കറ്റ് വിൽപനയുടെ വിശദാംശങ്ങൾ അധികം വൈകാതെ പുറത്തുവിടും.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനുമായി ഔദ്യോഗിക ധാരണയാവുന്നതോടെ ടിക്കറ്റ് വിൽപന രീതിയും ടിക്കറ്റ് നിരക്കുകളും പുറത്തുവിടുമെന്ന് ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ടിക്കറ്റ് വിൽപന ആരംഭിക്കുന്ന തീയതി, ടിക്കറ്റ് വിൽപനയുടെ ക്രമം എന്നിവ സംബന്ധിച്ച് ഏകദേശ ധാരണയായെന്നും വൈകാതെ അറിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകകപ്പ് ഫുട്ബാളിന് പിന്തുടർന്ന അതേ മാതൃകയിൽ തന്നെയാവും ഏഷ്യൻ കപ്പിന്റെയും ടിക്കറ്റ് വിൽപനയെന്ന സൂചനയും അദ്ദേഹം നൽകി. ഹയാ കാർഡ് സംവിധാനവും ഏഷ്യാകപ്പിലുണ്ടായിരിക്കും. ലോകകപ്പ് ഫുട്ബാൾ വേളയിൽ ഖത്തറിന് പുറത്തു നിന്നുള്ള കാണികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും, സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും ഹയാകാർഡ് ഉപയോഗപ്പെടുത്തിയത് നടപടിക്രമങ്ങൾ ലളിതമാക്കാൻ ഉപകരിച്ചിരുന്നു.
ഏഷ്യൻ കപ്പിൽ ഹയാ കാർഡ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുടെ കൂടി അനുമതിയോടെ പിന്നീട് തീരുമാനിക്കും. കഴഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിലായി നടന്ന ലോകകപ്പ് ഫുട്ബാളിന്റെ ടിക്കറ്റ് വിൽപന 2022 ജനുവരിയോടെയാണ് ആരംഭിച്ചത്.
മാച്ച് നറുക്കെടുപ്പിന് മുമ്പുതന്നെ ആദ്യ ഘട്ട വിൽപന ആരംഭിച്ചിരുന്നു. നാലു ഘട്ടങ്ങളിലായി മാച്ച് ദിനം വരെ ടിക്കറ്റ് വിൽപന നീണ്ടു നിന്നു. അതേസമയം, ഏഷ്യൻ കപ്പിന്റെ മാച്ച് നറുക്കെടുപ്പും ഫിക്സ്ചറുമെല്ലാം നേരത്തേ തന്നെ തീരുമാനമായതാണ്. അതിനാൽ, ടിക്കറ്റ് ബുക്കിങ് ആരാധകർക്ക് കൂടുതൽ എളുപ്പമാകും.
ലോകകപ്പിന് വേദിയായ ഏഴ് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ ഒമ്പതു വേദികളിലാണ് 24ടീമുകൾ മാറ്റുരക്കുന്ന ഏഷ്യൻകപ്പിന് പന്തുരുളുന്നത്. ലുസൈൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരവും ഫെബ്രുവരി 10ന്റെ ഫൈനൽ മത്സരവും അരങ്ങേറുന്നത്. അൽ ബെയ്ത്, അൽ ജനൂബ്, അൽ തുമാമ, അഹമ്മദ് ബിൻഅലി, എജുക്കേഷൻ സിറ്റി, ഖലീഫ സ്റ്റേഡിയം എന്നീ ലോകകപ്പ് വേദികൾ ഏഷ്യൻ കപ്പിനും ആതിഥേയത്വം വഹിക്കും.
ഇതിനു പുറമെ, ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിലും കളികളുണ്ട്. രണ്ടാഴ്ച മുമ്പ് കിക്കോഫ് കുറിച്ച ദോഹ എക്സ്പോ ഖത്തർസ്റ്റാർസ് ലീഗ് ഫുട്ബാൾ പോരാട്ടത്തിന് ഇത്തവണ കൂടുതൽ കാണികളുടെ പങ്കാളിത്തമുണ്ടാവുന്നതായും ക്യൂ.എസ്.എൽ മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടിവ് ഡയറക്ടർകൂടിയായ ഹസൻ റാബിഅ അൽ കുവാരി പറഞ്ഞു.
ദോഹ എക്സ്പോയുമായുള്ള സഹകരണം എല്ലാ മേഖലയിലും പുതിയ സീസണിന് മികച്ച തുടക്കം സമ്മാനിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. ദോഹ എക്സ്പോയിലും ക്യൂ.എസ്.എൽ പങ്കാളികളാവും. ഒക്ടോബറിൽ ആരംഭിക്കുന്ന പ്രദർശനത്തിൽ ഖത്തരി ഫുട്ബാളിന്റെ പ്രത്യേക പവലിയനും സജ്ജമാക്കും.
വിവിധ ക്ലബുകളിലെ പ്രമുഖ താരങ്ങളും മുൻതാരങ്ങളുമെല്ലാം പങ്കാളികളാകുന്ന പവലിയനാവും ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് രണ്ടാം വാരത്തിൽ തുടങ്ങിയ ലീഗ് ഡിസംബർ വരെ തുടരും. തുടർന്ന് ഏഷ്യൻ കപ്പും കഴിഞ്ഞ് ഫെബ്രുവരി പകുതിയോടെ വീണ്ടും ആരംഭിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.