ദോഹ: യു.എ.ഇയിലെ അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്ന് ഇന്ത്യൻ കുപ്പായത്തിൽ തിളങ്ങുന്ന സഹൽ അബ്ദുസ്സമദ്, മധ്യനിരയിലെ സൂപ്പർതാരം ആഷിഖ് കുരുണിയൻ, കെ.പി. രാഹുൽ തുടങ്ങിയ മലയാളി താരങ്ങൾ ഏഷ്യൻ കപ്പിൽ ഇന്ത്യൻ നിരയിലെ ഉറച്ച സാന്നിധ്യങ്ങളാണ്.
ഏഷ്യൻ കപ്പിനുള്ള തയാറെടുപ്പ് ടൂർണമെൻറ് എന്ന് വിശേഷിപ്പിക്കുന്ന കിങ്സ് കപ്പ് ടൂർണമെൻറിനുള്ള കോച്ച് ഇഗോർ സ്റ്റിമാകിന്റെ സാധ്യതാപട്ടികയിലുള്ള ഇവർ ഖത്തറിലെത്തുമ്പോൾ ഗാലറി നിറയാനൊരുങ്ങുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ ആരാധകർക്കും ഇരട്ടി ആവേശം.
ഏഷ്യൻ കപ്പിൽ ജനുവരി 13നാണ് ഇന്ത്യയുടെ ആദ്യ അങ്കം. അതാവട്ടെ, കരുത്തരായ ആസ്ട്രേലിയക്കെതിരെ ലോകകപ്പ് വേദിയായ അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിലും. ഉച്ച 2.30ന് കിക്കോഫ് കുറിക്കുന്ന പോരാട്ടത്തിൽ ഇന്ത്യയിലെന്നപോലെ സ്വന്തം കാണികൾ നിറയുന്ന ഗാലറിയാവും സുനിൽ ഛേത്രിക്കും സഹലിനുമെല്ലാം പ്രതീക്ഷ. ജനുവരി 18ന് ഉസ്ബകിസ്താനെതിരെ ഇതേ വേദിയിൽതന്നെയാണ് ഇന്ത്യയുടെ രണ്ടാമത്തെ അങ്കവുമെത്തുന്നത്.
വൈകീട്ട് 5.30നാണ് മത്സരം. 68,000 ഇരിപ്പിടശേഷിയുള്ള അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മൂന്നാം അങ്കമെത്തുന്നത്. സിറിയക്കെതിരെ ഉച്ച 2.30നാണ് കിക്കോഫ്. തണുപ്പ് കാലാവസ്ഥയായതിനാൽ നട്ടുച്ചയിലും തളരാതെ കളിക്കാനുള്ള സാഹചര്യമായിരിക്കും ജനുവരി, ഫെബ്രുവരിയിലേത്.
നേരത്തേ ഫൈനൽ വേദിയായി തീരുമാനിച്ച അൽ ബെയ്തിൽ ഗ്രൂപ് റൗണ്ടിൽ രണ്ടും, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങളുമാണ് നടക്കുന്നത്. ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ ആറ് മത്സരങ്ങൾ, അഹമ്മദ് ബിൻഅലിയിൽ ഏഴ്, അൽ ജനൂബിൽ ആറ്, ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഏഴ്, എജുക്കേഷൻ സിറ്റിയിൽ ആറ്, അൽതുമാമയിൽ ആറ്, അബ്ദുല്ല ബിൻ ഖലീഫയിൽ ഏഴ് മത്സരങ്ങൾ വീതം നടക്കും. സെമിഫൈനൽ മത്സരങ്ങൾക്ക് അൽ തുമാമയും അഹമ്മദ് ബിൻ അലിയുമാണ് വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.