ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീന രണ്ട് ഗോളിന് മുന്നിട്ടുനിൽക്കെ നെതർലാൻഡ്സിനായി അവസാന മിനിറ്റുകളിൽ ഇരട്ടഗോൾ നേടി കളി ഷൂട്ടൗട്ട് വരെ എത്തിച്ച താരമാണ് വൗട്ട് വെഗോസ്റ്റ്. കളിക്കളത്തിൽ ലയണൽ മെസ്സിയെ നിരന്തരം അലോസരപ്പെടുത്തിയ അദ്ദേഹത്തെ കളിക്ക് ശേഷമുള്ള ഇന്റർവ്യൂവിൽ മെസ്സി ‘വിഡ്ഢി’ എന്ന് വിശേഷിപ്പിച്ചിരുന്നു. കളത്തിലെ പോര് പിന്നീട് ഡ്രസ്സിങ് റൂമിന് മുന്നിലും വാഗ്വാദങ്ങൾക്കിടയാക്കിയിരുന്നു. സംഭവത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡച്ച് താരം. ‘മെസ്സി ഇപ്പോൾ എന്റെ പേര് പഠിക്കുകയെങ്കിലും ചെയ്തു’ എന്നായിരുന്നു പ്രതികരണം. പ്രശ്നമുണ്ടാക്കാനല്ല, താൻ ഏറെ ആദരിക്കുന്ന എതിരാളിയുമായി രമ്യതയിലെത്താനാണ് ശ്രമിച്ചതെന്നും താരം വിശദീകരിച്ചു.
‘‘കളിക്കളത്തിൽ എല്ലാവരും എനിക്ക് തുല്യരാണ്. ആ മത്സരത്തിൽ ഞാൻ നന്നായി പോരാടി. അതിനിടെ മെസ്സിയുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായി. അത് അദ്ദേഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം. എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ അദ്ദേഹത്തെ ഒരുപാട് ആദരിക്കുന്നയാളാണ് ഞാൻ. മത്സരശേഷം ആദരം പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നു. കൈ കൊടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. അദ്ദേഹം സ്പാനിഷ് ഭാഷയിൽ രൂക്ഷമായി എന്തോ പ്രതികരിച്ചെങ്കിലും എനിക്കത് മനസ്സിലായില്ല. അതോടെ ഞാൻ വളരെയധികം നിരാശനായി. എന്നാൽ, ഇപ്പോൾ അദ്ദേഹം എന്റെ പേര് പഠിക്കുകയെങ്കിലും ചെയ്തു’’, എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ, ഇതിന് വിരുദ്ധമായിട്ടായിരുന്നു അർജന്റീന ടീമിനൊപ്പം ഉണ്ടായിരുന്ന മുൻ താരം സെർജിയോ അഗ്യൂറോയുടെ പ്രതികരണം. ‘‘ഞങ്ങൾ ഡ്രസ്സിങ് റൂമിൽ പ്രവേശിക്കാൻ തുടങ്ങിയപ്പോൾ വെഗോസ്റ്റ് ഹേയ്, ഹേയ്, മെസ്സി എന്ന് വിളിക്കാൻ തുടങ്ങി. മെസ്സി അവനെ നോക്കി എന്തോ പറഞ്ഞു. ഇവിടെ വന്ന് അത് പറയൂ എന്ന് വെഗോസ്റ്റ് പറഞ്ഞപ്പോൾ, നീയെന്താ മെസ്സിയോട് ഇങ്ങനെ സംസാരിക്കുന്നതെന്ന് ചോദിക്കുകയും അവനോട് മിണ്ടാതിരിക്കാൻ പറയുകയും ചെയ്തു. അപ്പോൾ എന്നോട് മിണ്ടാതിരിക്കാൻ പറയരുതെന്നായിരുന്നു മറുപടി. ചൂടുപിടിച്ച സാഹചര്യമായതിനാൽ ഞാൻ അവനോട് ദൂരെ പോകാൻ പറഞ്ഞു’’, അഗ്യൂറോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.