ലിസ്ബൺ: ആറു വർഷം മുമ്പ്. കൃത്യമായി പറഞ്ഞാൽ 2014 മേയ് 24. ഡീഗോ സിമിയോണിയുടെ ലിസ്ബൺ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അത്ലറ്റികോ മഡ്രിഡ് ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ആ ദിനത്തിൽ പക്ഷേ, റയൽ മഡ്രിഡ് കപ്പുമായി പറന്നകന്നു. അന്ന്, സിമിയോണിയുടെ കണ്ണീർ വീണ മുറ്റത്തേക്കാണ് 2020ലെ ചാമ്പ്യൻസ് ലീഗ് അവിചാരിതമായി എത്തുന്നത്. ഇന്ന് ക്വാർട്ടറിൽ അത്ലറ്റികോ മഡ്രിഡ്, ജർമൻ ക്ലബ് ലീപ്സിഷിനെ നേരിടുന്ന ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലുസ് തന്നെയായിരുന്നു ആ കണ്ണീരിനും സാക്ഷിയായത്. ഇന്ന് ക്വാർട്ടറിലൂടെ സിമിയോണി ചാമ്പ്യൻസ് ലീഗ് പോരാട്ടം പുനരാരംഭിക്കുേമ്പാൾ ലിസ്ബൺ ഡ്രീംസ് വീണ്ടും നിറയുന്നു.
ഹോം-എവേ വെല്ലുവിളിയില്ലാതെ ഫൈനൽ റൗണ്ടായി മാറിയ ചാമ്പ്യൻഷിപ്പിൽ മൂന്ന് ജയംകൊണ്ട് കപ്പുമായി മടങ്ങാം. ആ സ്വപ്നങ്ങളിലേക്കുള്ള ആദ്യ കടമ്പയാണ് ലീപ്സിഷ്.
2014-15 സീസണിലും സിമിയോണിയുടെ ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നെങ്കിലും റയലിന് മുന്നിൽ വീണ്ടും അടിയറവു പറയുകയായിരുന്നു. അതെല്ലാം തിരിച്ചുപിടിക്കാൻ നിലവിലെ ടീമിന് കഴിയുമെന്ന് സിമിയോണി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചാമ്പ്യന്മാരായ ലിവർപൂളിനെ പ്രീക്വാർട്ടറിലെ രണ്ട് പാദങ്ങളിലും (1-0, 3-2) വീഴ്ത്തിയ അത്ലറ്റികോക്ക് അത് എളുപ്പമാണ്. അൽവാരോ മൊറാറ്റ, ഡീഗോ കോസ്റ്റ, പോർചുഗൽ താരം ജോ ഫെലിക്സ് എന്നിവരാണ് മുന്നേറ്റത്തിലെ പ്രധാനികൾ. എയ്ഞ്ചൽ കൊറിയ, സിമെ വ്സാൽകോ എന്നിവരുടെ കോവിഡ് വാർത്ത ഞെട്ടിച്ചെങ്കിലും ആശങ്കകളില്ലാതെ തുടങ്ങുകയാണ് അത്ലറ്റികോ.
വെർണറില്ലാത്ത ലീപ്സിഷ്
ബുണ്ടസ് ലിഗയിൽ മൂന്നാം സ്ഥാനക്കാരായിരുന്നു ജൂലിയാൻ നാഗൽസ്മാെൻറ ലീപ്സിഷ്. 33 വയസ്സുമാത്രം പ്രായമുള്ള യുവ പരിശീലകൻ നാഗൽസ്മാൻ ചുമതലയേറ്റ ആദ്യ വർഷം തന്നെ ലീപ്സിഷിന് ക്വാർട്ടർ ബർത്ത് ലഭിച്ചു. യൂറോപ്യൻ നോക്കൗട്ടിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കോച്ചുമായി. പ്രീക്വാർട്ടറിൽ ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാമിനെ രണ്ട് പാദങ്ങളിലും തോൽപിച്ചാണ് (1-0, 3-0) ലീപ്സിഷും നാഗൽസ്മാനും ലിസ്ബണിലേക്ക് ടിക്കറ്റുറപ്പിച്ചത്. നാഗൽസ്മാെൻറ ബുദ്ധിയും തിമോ വെർണറുടെ ബൂട്ടുമായിരുന്നു ഇൗ സീസണിൽ ലീപ്സിഷിെൻറ വിജയ രഹസ്യം. എന്നാൽ, ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് കാത്തുനിൽക്കാതെ വെർണർ ചെൽസിയിലേക്ക് കൂടുമാറിയത് ജർമൻ ക്ലബിനെ കുറച്ചൊന്നുമല്ല ഉലക്കുന്നത്. ആ നഷ്ടം നികത്താൻ യൂസുഫ് പോൾസനും പാട്രിക് ഷികിനും എങ്ങനെ കഴിയുമെന്ന് കാത്തിരുന്നു കാണാം. സീസണിൽ 32 ഗോളുകളായിരുന്നു വെർണർ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.