‘നിങ്ങൾ ഒരു ഇതിഹാസം, ഫുട്ബാൾ കളിക്കാർക്ക് മാതൃക’; ക്രിസ്റ്റ്യാനോയെ പുകഴ്ത്തി ബദർ അൽ മുതവ്വ

ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞദിവസം സ്വന്തമാക്കിയിരുന്നു.

196 മത്സരങ്ങളുമായി കുവൈത്തിന്റെ ബദർ അൽ മുതവ്വക്കൊപ്പമായിരുന്ന താരം, വ്യാഴാഴ്ച യൂറോ യോഗ്യത റൗണ്ടിൽ ലിച്ചെൻസ്റ്റീനെതിരെ ബൂട്ടണിഞ്ഞതോടെയാണ് ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഏക താരമായത്.

പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ പോർചുഗൽ ലിച്ചൻസ്റ്റീനെ എതിരില്ലാത്ത നാല് ഗോളിന് തരിപ്പണമാക്കിയപ്പോൾ രണ്ട് ഗോൾ 38കാരനായ ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു.

പിന്നാലെയാണ് സമൂഹമാധ്യത്തിൽ ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് ബദർ അൽ മുതവ്വ രംഗത്തുവന്നത്. നിങ്ങൾ ഒരു ഇതിഹാസവും ഫുട്ബാൾ കളിക്കാർക്ക് മാതൃകയാണെന്നും അദ്ദേഹം കുറിച്ചു. ‘196 അന്താരാഷ്ട്ര മത്സരങ്ങളിൽ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചതിൽ അഭിമാനമുണ്ട്, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പുരുഷ താരമെന്ന പദവിക്ക് ഞാൻ നന്ദിയുള്ളവനാണ്. ഈ റെക്കോഡ് ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മറികടക്കാനായതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ യഥാർഥത്തിൽ ഒരു ഇതിഹാസവും എല്ലാ ഫുട്ബാൾ കളിക്കാൾക്കും മാതൃകയുമാണ്, കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു’ -ബദർ അൽ മുതവ്വ പോസ്റ്റ് ചെയ്തു.

പോസ്റ്റിന് ക്രിസ്റ്റ്യാനോ മറുപടിയും നൽകിയിട്ടുണ്ട്. ‘നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി, ബദർ അൽ മുതവ്വ. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പുരുഷ താരമാകുന്നത് അഭിമാനകരമാണ്. നിങ്ങൾക്ക് എല്ലാ ആശംസകളും’ -താരം അറിയിച്ചു.

2003 ആഗസ്റ്റ് 20നാണ് ക്രിസ്റ്റ്യാനോ പോർചുഗലിനായി അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ഗോൾ നേടി അഞ്ച് ലോകകപ്പിൽ ഗോളടിച്ച ഏക താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ബദർ അൽ മുതവ്വ കഴിഞ്ഞവർഷം ജൂൺ 14നാണ് അവസാന മത്സരം കളിച്ചത്.

Tags:    
News Summary - Bader Al-Mutawa on Cristiano Ronaldo becoming most capped men’s international player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.