ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിക്കാൻ ഇതിഹാസതാരം ബൈചുങ് ബൂട്ടിയയും. നാമനിർദശപത്രിക സമർപ്പിച്ചതായി ബൂട്ടിയതന്നെയാണ് വ്യക്തമാക്കിയത്. ദേശീയ ടീമിൽ സഹതാരമായിരുന്ന ദീപക് മണ്ഡൽ ആണ് ബൂട്ടിയയുടെ പേര് നിർദേശിച്ചത്.
മുൻ ഇന്ത്യൻ താരവും ബി.ജെ.പി നേതാവുമായ കല്യാൺ ചൗബെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ അജിത് ബാനർജി, മുൻ ഇന്ത്യൻ താരവും മേഘാലയ എം.എൽ.എയുമായ യൂജിങ്സൺ ലിങ്ദോ, ഫുട്ബാൾ ഡൽഹി പ്രസിഡന്റ് ഷാജി പ്രഭാകരൻ തുടങ്ങിയവരും മത്സരരംഗത്തുണ്ട്. ബി.ജെ.പി പിന്തുണയുള്ളതിനാൽ ചൗബെക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കൽപിക്കപ്പെടുന്നത്. ഗുജറാത്ത് ഫുട്ബാൾ ഫെഡറേഷനാണ് ചൗബെയുടെ പേര് നിർദേശിച്ചത്. പിന്തുണച്ചിരിക്കുന്നത് അരുണാചൽ പ്രദേശും.
ഗുജറാത്തുകാരായ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, അരുണാചലുകാരനായ കായിക മന്ത്രി കിരൺ റിജിജു എന്നിവരുടെ പിന്തുണ ചൗബെക്കുണ്ടെന്നാണ് റിപ്പോർട്ട്. ഈമാസം 28നാണ് തെരഞ്ഞെടുപ്പ്. പ്രവർത്തനത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെ തുടർന്ന് എ.ഐ.എഫ്.എഫിന് ഫിഫ വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.