യൂറോയിലെ മിന്നും പ്രകടനത്തിന് പിന്നാലെ സ്പാനിഷ് വിങ്ങർ നിക്കോ വില്യംസിനെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ബാഴ്സലോണ. താരത്തെ ഇംഗ്ലീഷ് ക്ലബുകൾ നോട്ടമിട്ടതിന് പിന്നാലെയാണ് ബാഴ്സയുടെ ചടുല നീക്കം.
ബാഴ്‌സലോണയുടെ സ്‌പോർട്ടിങ് ഡയറക്‌ടർ ഡെക്കോയും നിക്കോ വില്യംസിനെ പ്രതിനിധീകരിക്കുന്ന ഏജൻ്റായ ഫെലിക്‌സ് ടെന്റയും കഴിഞ്ഞ ദിവസം ചർച്ച നടത്തിയാതായി മാധ്യമപ്രവർത്തകരായ ഫാബ്രിസിയോ റൊമാനോയും ജെറാർഡ് റൊമേറോ റിപ്പോർട്ട് ചെയ്യുന്നു.
അത്‌ലറ്റിക് ബിൽബാവോയുടെ താരമായ വില്യംസിന് മുന്നിൽ ദീർഘകാല കരാറാണ് ബാഴ്സ മുന്നോട്ടുവെക്കുന്നത്.
നിക്കോയുടെ കരാർ ഒപ്പുവെക്കൽ വേഗത്തിലാക്കാൻ ബാഴ്‌സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ട ഡെക്കോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാഴ്‌സലോണയെ അപേക്ഷിച്ച് കൂടുതൽ സാമ്പത്തിക സ്രോതസ്സുള്ള ഇംഗ്ലീഷ് ക്ലബ്ബുകൾ 22 കാരനായി മത്സരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ വേഗത്തിലാക്കിയത്.
58 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസാണ് അത്‌ലറ്റിക് ക്ലബ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതാണ് ബാഴ്സക്ക് മുന്നിലെ പ്രധാനവെല്ലുവിളി. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്ക്, ഡെക്കോ, ലാപോർട്ട എന്നിവരുൾപ്പെടെയുള്ള ക്ലബിന്റെ ഉന്നതർ അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള തീവ്രശമത്തിലാണ്.
2021 മുതൽ അത്ലറ്റികോ ബിൽബാവോയിൽ പന്തുതട്ടുന്ന വില്യംസ് 2022ലാണ് സ്പെയിൻ ദേശീയ ടീമിന്റെ കുപ്പായമണിയുന്നത്. നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിനിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് നിക്കോ വില്യംസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.