'റയലോ ബയേണോ ആരാണെന്ന് വെച്ചാൽ വരാൻ പറ ഞങ്ങൾ തയാറാണ്'; സെവിയ്യക്കെതിരെയുള്ള വിജയത്തിന് ശേഷം ബാഴ്സ ആരാധകർ

ലാ-ലീഗയിൽ സെവിയ്യക്കെതിരെ ബാഴ്സലോണ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഒക്ടോബർ 20ന് നടന്ന മത്സരത്തിൽ 5-1നായിരുന്നു ബാഴ്സയുടെ വിജയം. വിജയത്തോടെ 29 പോയിന്‍റുമായി ലീഗ് ടേബിളിൽ ഹാൻസി ഫ്ലിക്കിന്‍റെ പട ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വിജയത്തിന് പിന്നാലെ ഈ ബാഴ്സ ടീം റയൽ മാഡ്രിഡ് ബയേൺ മ്യൂണിക് എന്നീ ടീമുകളെ നേരിടാൻ തയ്യാറാണെന്ന് വെല്ലുവിളിക്കുകയാണ് ബാഴ്സലോണ ആരാധകർ.

മത്സരത്തിന്‍റെ 24ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സക്കായി ആദ്യ ഗോൾ നേടിയത്. നാല് മിനിറ്റുകൾകപ്പുറം പെഡ്രി ബാഴ്സയുടെ ലീഡ് രണ്ടാക്കി. 39ാം മിനിറ്റിൽ ലെവ വീണ്ടും അടിച്ചതോടെ ബാഴ്സ കൃത്യമായ ലീഡ് അടയാളപ്പെടുത്തി. 82, 88 മിനിറ്റുകളിൽ പാബ്ലൊ ടോറെ ഗോൾ കണ്ടെത്തിയതോടെ ബാഴ്സ അഞ്ചെണ്ണം അവരുടെ സ്കോർബോർഡിലെത്തിച്ചു. 87ാം മിനിറ്റിൽ സ്റ്റാനിസ് ഇടുംബോയാണ് സെവിയ്യയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഹാൻസി ഫ്ലിക്കിന്‍റെ കീഴിലുള്ള മികച്ച പ്രകടനം ബാഴ്സ ആരാധകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. ഇതിന് പിന്നാലെ എക്സിൽ വെല്ലുവിളികളും സന്തോഷ പ്രകടനങ്ങളുമായി ഒരുപാട് ആരാധകർ എത്തിയിട്ടുണ്ട്. ബയേണോടും റയലിനോടും തയാറാകാനും യൂറോപ്പ് ഭയന്നാലും ബാഴ്സ ഭയക്കില്ലെന്നും ഒരുപാട് ആരാധകർ എക്സിൽ കുറിക്കുന്നു.



ഈ സീസണിൽ 10 മത്സരത്തിൽ നിന്നുമായി 27 പോയിന്‍റാണ് ബാഴ്സ ലാ ലീഗയിൽ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്‍റ് മുന്നിലാണ് ബാഴ്സ നിലവിലുള്ളത്. മോശം സീസണുകളിൽ നിന്നും തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന ബാഴ്സ അവരുടെ ഈ ഫോം നിലനിർത്താനായിരിക്കും സീസണിലുടനീളം ശ്രമിക്കുക. 


Tags:    
News Summary - barcelona fans challenging bayern munich and real madrid after 5-1 win against sevilla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.