മഡ്രിഡ്: സ്പാനിഷ് ലാ ലീഗയിൽ മൂന്നു കളിക്കിടെ ബാഴ്സലോണക്ക് രണ്ടാം തോൽവി. റയോ വയ്യെകാനോയാണ് 1-0ത്തിന് ബാഴ്സയെ വീഴ്ത്തിയത്. ഏഴാം മിനിറ്റിൽ അൽവാരോ ഗാർഷ്യ റിവേരയാണ് റയോ വയ്യെകാനോയുടെ ഗോൾ നേടിയത്.
രണ്ടാമതുള്ള ബാഴ്സ തോറ്റതോടെ ഒന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡ് കിരീടത്തിന് തൊട്ടരികെയെത്തി. 33 റൗണ്ട് പൂർത്തിയായപ്പോൾ റയലിന് 78ഉം ബാഴ്സക്ക് 63ഉം പോയന്റാണുള്ളത്. അഞ്ചു മത്സരങ്ങളിൽനിന്ന് ഒരു പോയന്റ് കൂടി നേടിയാൽ റയലിന് കിരീടമണിയാം. ശനിയാഴ്ച എസ്പാന്യോളിനെതിരെയാണ് റയലിന്റെ അടുത്ത കളി.
സ്വന്തം മൈതാനമായ നൂകാംപിൽ ബാഴ്സയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കഴിഞ്ഞ റൗണ്ടിൽ റയൽ സോസിഡാഡിനെ തോൽപിച്ചിരുന്നെങ്കിലും അതിനുമുമ്പ് ലീഗിൽ കാഡിസിനോടും യൂറോപ ലീഗിൽ എയ്ൻട്രാക്ട് ഫ്രാങ്ക്ഫുർട്ടിനോടും സ്വന്തം മൈതാനത്ത് ബാഴ്സ തോൽവി നേരിട്ടു.
റോം: ഇറ്റാലിയൻ സീരി എയിൽ രണ്ടാമതുള്ള എ.സി മിലാൻ ജയിച്ചപ്പോൾ മൂന്നാം സ്ഥാനക്കാരായ നാപോളി തോറ്റു. മിലാൻ 2-1ന് ലാസിയോയെയാണ് തോൽപിച്ചത്. മിലാനുവേണ്ടി ഒലിവർ ജിറൂഡും സന്ദ്രോ ടൊണാലിയും സ്കോർ ചെയ്തപ്പോൾ ലാസിയോയുടെ ഗോൾ ചീറോ ഇമ്മൊബിലെയുടെ വകയായിരുന്നു.
നാപോളി 3-2ന് എംപോളിയോടാണ് തോറ്റത്. ഡ്രെയ്സ് മെർടെൻസിന്റെയും ലോറൻസോ ഇൻസിന്യേയുടെയും ഗോളുകളിൽ 2-0ത്തിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു നാപോളിയുടെ തോൽവി.
80-ാം മിനിറ്റിൽ ലിയാം ഹെൻഡേഴ്സണും 83, 87 മിനിറ്റുകളിൽ ആന്ദ്രിയ പിനമോണ്ടിയുമാണ് എംപോളിക്കായി സ്കോർ ചെയ്തത്. 74 പോയന്റുമായി നിലവിലെ ജേതാക്കളായ ഇന്റർ മിലാനാണ് മുന്നിൽ. എ.സി മിലാൻ (72) രണ്ടാമതും നാപോളി (67) മൂന്നാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.