ബാഴ്സലോണ: ഈ സീസണിനൊടുവിൽ പാരിസ് സെന്റ് ജെർമെയ്നുമായുള്ള കരാർ അവസാനിക്കുമ്പോൾ ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുമോ? ഇതിഹാസതാരം തന്റെ പ്രിയപ്പെട്ട കളിക്കൂട്ടത്തിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന സൂചന നൽകുകയാണ് ബാഴ്സലോണയുടെ ഫുട്ബാൾ ഡയറക്ടർ മാത്തിയു അലെമാനി.
‘ഞങ്ങൾ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. ലിയോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ളതും ചെയ്യുന്നു. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്കറിയില്ലല്ലോ.’ -റയൽ മഡ്രിഡിനെതിരായ കോപ ഡെൽ റേ സെമിഫൈനൽ രണ്ടാംപാദ മത്സരത്തിന് മുന്നോടിയായി മൂവീസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിൽ അലെമാനി ചൂണ്ടിക്കാട്ടി.
‘ഇതുമായി ബന്ധപ്പെട്ട് എനിക്ക് കൂടുതൽ പറയാനില്ല. ബാഴ്സലോണയുടെ ജീവിക്കുന്ന ഇതിഹാസമാണ് മെസ്സി. ഫുട്ബാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ. ബാഴ്സലോണയിൽ അദ്ദേഹത്തോടുള്ള മതിപ്പും ആദരവും ചോദ്യം ചെയ്യപ്പെടാത്തതാണ്. അദ്ദേഹം ഇപ്പോൾ പി.എസ്.ജിയിൽ കിരീടങ്ങൾക്കുവേണ്ടി പോരാടുന്നു. ഞങ്ങളും കിരീടങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണാം’- അലെമാനി പറഞ്ഞു. അതേസമയം, മെസ്സി തിരിച്ചുവരുന്നപക്ഷം അദ്ദേഹത്തിന്റെ ശമ്പളത്തിനുള്ള പണം കണ്ടെത്താൻ ബാഴ്സലോണ സ്പോൺസർഷിപ്പിനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ അലെമാനി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.