എൽ ക്ലാസിക്കോയിൽ റെക്കോഡിട്ട് ലാമിൻ യമാൽ

മാഡ്രിഡ്: എൽ ക്ലാസിക്കോയിൽ 4-0ന് റയലിനെ ബാഴ്സ തുരത്തിയ മത്സരത്തിൽ റെക്കോഡിട്ട് കൗമാരതാരം ലാമിൻ യമാൽ. എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന പ്രായംകുറഞ്ഞ കളിക്കാരൻ എന്ന റെക്കോഡാണ് യമാൽ സ്വന്തമാക്കിയത്.

മത്സരത്തിന്‍റെ 77ാം മിനിറ്റിലായിരുന്നു യമാലിന്‍റെ ഗോൾ. 17 വർഷവും 105 ദിവസവുമാണ് താരത്തിന്‍റെ വയസ്സ്. 17 വയസ്സും 359 ദിവസവും പ്രായമുണ്ടായിരുന്നപ്പോൾ അൻസു ഫാതി നേടിയ ഗോളിന്‍റെ റെക്കോഡാണ് യമാൽ തിരുത്തിയെഴുതിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആദ്യമായി എൽ ക്ലാസ്സിക്കോ കളിച്ച യമാൽ, എൽ ക്ലാസിക്കോ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡുമിട്ടിരുന്നു.


ഇന്നലത്തെ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി യമാലിന് പുറമേ റോബർട്ട് ലെവൻ​ഡോസ്കി രണ്ട് ഗോളുകളും റാഫീഞ്ഞോ ഒരു ഗോളും നേടി. ഗോ​ളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകളാണ് മത്സരം റയലിൽ നിന്നും തട്ടിയെടുത്തത്. രണ്ട് മിനിറ്റിനുള്ളിലാണ് ലെവൻഡോസ്കി രണ്ട് ഗോളുകൾ നേടിയത്. 54, 56 മിനിറ്റുകളിലായിരുന്നു ഗോൾ നേട്ടം. 77ാം മിനിറ്റിലെ യമാലിന്‍റെ ഗോളിന് ശേഷം 84ാം മിനിറ്റിൽ റാഫീഞ്ഞയും ലക്ഷ്യംകണ്ടു.


ജയത്തോടെ ലാ ലിഗയിൽ 11 കളികളിൽ 10 ജയത്തോടെ 30 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. 11 മത്സരങ്ങളിൽ ഏഴ് ജയത്തോടെ 24 പോയിന്റുമായി റയൽ മാഡ്രിഡാണ് രണ്ടാമത്. 21 പോയിന്റുമായി വിയ്യാറയലാണ് മൂന്നാമത്.

Tags:    
News Summary - Barcelona teen Lamine Yamal makes Clasico history after breaking Ansu Fati’s record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.