ബാഴ്സലോണ: സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണ ഫൈനലിൽ. ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് കലാശക്കളിയിലേക്ക് മുന്നേറിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡാണ് എതിരാളികൾ. സെമിഫൈനലിൽ അത്‍ലറ്റികോ മാഡ്രിഡിനെ 5-3ന് തോൽപിച്ചാണ് റയൽ അന്തിമ പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് 3-3ന് അവസാനിച്ച മത്സരത്തിൽ അധിക സമയത്ത് റയൽ രണ്ട് ഗോൾകൂടി എതിർവലയിൽ അടിച്ചുകയറ്റുകയായിരുന്നു.
ഒസാസുനക്കെതിരായ രണ്ടാം സെമിയിൽ കളി തുടങ്ങിയയുടൻ ബാഴ്സക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ആന്ധ്രിയാസ് ക്രിസ്റ്റ്യൻസന്റെ ഷോട്ട് ഒസാസുന ഗോൾകീപ്പർ സെർജിയോ ഹെരേര തട്ടിയകറ്റി. 13ാം മിനിറ്റിൽ സൂപ്പർ താരം ലെവൻഡോവ്സ്കിയും ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ സുവർണാവസരം പാഴാക്കി. വൈകാതെ ബാഴ്സക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗുണ്ടോഗൻ പോസ്റ്റിന് നേരെ അടിച്ചുവിട്ടെങ്കിലും ഇത്തവണയും ഗോൾകീപ്പർ തടസ്സംനിന്നു. 31ാം മിനിറ്റിൽ ഗുണ്ടോഗൻ എടുത്ത കോർണർ കിക്കിന് ലെവൻഡോവ്സ്കി തലവെച്ചെങ്കിലും പോസ്റ്റിനോട് ചേർന്ന് പുറത്തേക്ക് പോയി. ആദ്യപകുതിക്ക് പിരിയാനിരിക്കെ ഒസാസുനക്ക് ആദ്യ സുവർണാവസരം ലഭിച്ചു. എന്നാൽ, താരത്തിന്റെ ഷോട്ട് ബാഴ്സ ഗോൾകീപ്പർ തട്ടിയകറ്റി.
59ാം മിനിറ്റിൽ ബാഴ്സ ലക്ഷ്യംകണ്ടു. ഗുണ്ടോഗൻ നൽകിയ അതിമനോഹര പാസ് അതിലും മനോഹരമായി ലെവൻഡോവ്സ്കി ഫിനിഷ് ചെയ്യുകയായിരുന്നു. തുടർന്ന് ജാവോ ഫെലിക്സിന്റെ തകർപ്പൻ ഷോട്ട് ഒസാസുന ഗോൾകീപ്പർ ഡൈവ് ചെയ്ത് പുറത്തേക്ക് തള്ളിയതോടെ ലീഡ് വർധിപ്പിക്കാനുള്ള അവസരം ബാഴ്സക്ക് നഷ്ടമായി. സമനില നേടാനുള്ള ഒസാസുന താരം ബുഡിമിറിന്റെ ശ്രമം ഇതിനിടെ ബാഴ്സ ഗോൾകീപ്പർ കൈയിലൊതുക്കി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബാഴ്സ ലീഡ് ഇരട്ടിയാക്കി. ഇടതുവിങ്ങിലൂടെ മുന്നേറിയ ജാവോ ഫെലിക്സ് എതിർ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നൽകിയ ക്രോസ് പതിനാറുകാരൻ ലാമിൻ യമാൽ വലയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.