തിങ്കളാഴ്ച രാത്രി മോണ്ട്ജൂക് ഒളിമ്പിക് സ്റ്റേഡിയത്തിൽ വലൻസിയയെ 4-2ന് തോൽപ്പിച്ച് ബാഴ്‌സലോണ ലാ ലിഗ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. റോബർട്ട് ലെവൻഡോസ്‌കിയുടെ ഹാട്രിക്ക് പ്രകടനത്തിന്റെ കരുത്തിലാണ് ബാഴ്സയുടെ തകർപ്പൻ ജയം.
22ാം മിനിറ്റിൽ ഫെർമിൻ ലോപ്പസിലൂടെയാണ് ബാഴ്സ ആദ്യ ലീഡെടുക്കുന്നത്. റാഫിൻഹയുടെ അളന്നുമുറിച്ചുള്ള ഒരു ക്രോസിൽ തകർപ്പൻ ഹെഡറിലൂടെയാണ് ലോപസ് ഗോൾ നേടുന്നത്. 27ാം മിനിറ്റിൽ ബാഴ്സ ഗോൾ കീപ്പറുടെ പിഴവിൽ ഹ്യൂഗോ ഡൂറോ വലൻസിയക്കായി മറുപടി ഗോൾ നേടി. 38ാം മിനിറ്റിൽ ഗോൺസാലസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പെപ്പെലും അനായാസം ഗോളാക്കിയതോടെ വലൻസിയ ലീഡെടുത്തു(1-2)).
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ വലൻസിയ ഗോൾകീപ്പർ ജിയോർജി മമർദാഷ്‌വിലി റെഡ് കണ്ട് പുറത്തായി. ലാമിൻ യമാലിന്റെ മുന്നേറ്റം ബോക്സിന് പുറത്ത് കൈകൊണ്ട് തടഞ്ഞതാണ് ഗോൾകീപ്പർക്ക് വിനയായത്.
ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച വലൻസിയ പത്തുപേരായി ചുരുങ്ങിയതോടെ കളി കൈവിട്ടു. 49 ാം മിനിറ്റിൽ ലെവൻഡോസ്‌കി ബാഴ്സക്കായി മറുപടി ഗോൾ നേടി (2-2). ഇൽകെ ഗുണ്ടോഗെന്റെ കോർണർ കിക്ക് ഹെഡ് ചെയ്ത് വലയിലെത്തിക്കുയായിരുന്നു.
82ാം മിനിറ്റിൽ ഗുണ്ടോഗെന്റെ തന്നെ മറ്റൊരു കോർണർ കിക്ക് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഹെഡ് ചെയ്ത ലെവൻഡോസ്‌കി വലയിലാക്കി (3-1). അന്തിമ വിസിലിന് തൊട്ടുമുൻപ് തകർപ്പൻ ഫ്രീകിക്കിലൂടെ ലെവൻഡോസ്‌കി ഹാട്രിക് തികച്ചതോടെ ബാഴ്സ 4-2 ന്റെ ആധികാരിക ജയം ഉറപ്പാക്കി.
ജയത്തോടെ 33 മത്സരങ്ങളിൽ നിന്നായി 73 പോയിന്റുമായി ജിറോണയെ മറികടന്ന് രണ്ടാമതെത്തി. ജിറോണക്ക് 71 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 84 പോയിന്റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.