ബാഴ്സലോണ: മൂന്നു പെനാൽറ്റികൾ വഴങ്ങേണ്ടിവന്നിട്ടും വിജയം കൈവിടാതെ ബാഴ്സലോണ. സ്പാനിഷ് ലാ ലിഗയിൽ ലെവന്റെയെയാണ് ബാഴ്സ 3-2ന് കീഴടക്കിയത്.
ഇഞ്ചുറി സമയത്ത് ഡച്ച് സ്ട്രൈക്കർ ലൂക് ഡി യോങ് ആണ് ഹെഡറിലൂടെ വിജയ ഗോൾ കുറിച്ചത്. പിയറി എംറിക് ഒബൂമയാങ്ങിന്റെയും പെഡ്രിയുടെയും വകയായിരുന്നു മറ്റു ഗോളുകൾ.
പെനാൽറ്റികളിൽനിന്ന് ജോസ് ലൂയിസ് മൊറാലസും ഗോൺസാലോ മെലേറോയുമാണ് ലെവന്റെക്കായി സ്കോർ ചെയ്തത്. ആദ്യ പെനാൽറ്റിക്ക് തൊട്ടുപിറകെ കിട്ടിയ മറ്റൊരു സ്പോട്ട് കിക്ക് റോജർ മാർട്ടി പാഴാക്കുകയും ചെയ്തു.
ജയത്തോടെ 30 കളികളിൽ 60 പോയന്റുമായി ബാഴ്സ, റയൽ മഡ്രിഡിന് (31 മത്സരങ്ങളിൽ 72 പോയന്റ്) പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. 31 കളികളിൽ സെവിയ്യക്കും 60 പോയന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ ബാഴ്സയുടെ പിറകിലാണ്. അത്ലറ്റികോ മഡ്രിഡാണ് (57) നാലാം സ്ഥാനത്ത്.
റോം: ഇറ്റാലിയൻ സീരി എയിൽ കിരീടപ്പോര് കനക്കുന്നു. ഒന്നാം സ്ഥാനത്തുള്ള എ.സി മിലാൻ തുടർച്ചയായ രണ്ടാം സമനില വഴങ്ങിയപ്പോൾ രണ്ടാം ജയവുമായി ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തേക്ക് കയറി. തോൽവി വഴങ്ങിയ നാപോളി മൂന്നാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്തു. വിജയവഴിയിൽ തിരിച്ചെത്തിയ യുവന്റസ് നാലാം സ്ഥാനം നിലനിർത്തുകയും ചെയ്തു.
ടൊറീനോയാണ് മിലാനെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഇന്റർ 2-0ത്തിന് വെറോനയെ കീഴടക്കുകയായിരുന്നു. നികോളോ ബരേല്ല, എഡിൻ സെക്കോ എന്നിവരാണ് സ്കോർ ചെയ്തത്. യുവന്റസ് 2-1ന് കാഗ്ലിയാരിയെ തോൽപിച്ചു.
യുവെക്കായി മത്യാസ് ഡിലിറ്റും ഡുസാൻ വ്ലാഹോവിചും കാഗ്ലിയാരിക്കുവേണ്ടി ജാവോ പെഡ്രോയും ഗോൾ നേടി. ഫിയറന്റീനയാണ് 3-2ന് നാപോളിയെ വീഴ്ത്തിയത്. എ.എസ് റോമ 2-1ന് സലേർനിറ്റാനയെയും സസൗളോ 2-1ന് അത്ലാന്റയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.