ആഫ്രിക്കയില്‍ ഒരു കഷ്ണം ബ്രെഡിനായി 30 കിലോമീറ്റര്‍ ആളുകള്‍ നടക്കുന്നു! അതുകൊണ്ടെനിക്ക് ഗ്രൗണ്ടില്‍ ഓടാന്‍ ഭയമില്ല!

പന്ത് പിടിച്ചെടുക്കാന്‍ ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസി ഓടുന്ന ഓട്ടം കണ്ടാല്‍ ഭയം തോന്നും. എതിര്‍ക്കാന്‍ നില്‍ക്കുന്ന താരങ്ങളെയൊന്നും വകവെക്കാതെയുള്ള കുതിപ്പായിരിക്കുമത്. എ.സി മിലാന്‍ ഇറ്റാലിയന്‍ സീരി എ ലീഗ് തലപ്പത്തേക്ക് തിരിച്ചെത്തിയതിന് പിറകില്‍ ഈ മിഡ്ഫീല്‍ഡറുടെ അധ്വാനത്തിന് വലിയ പങ്കുണ്ട്. മിലാന്‍ കരാര്‍ പുതുക്കാന്‍ തയാറായെങ്കിലും കെസി ബാഴ്‌സലോണയുടെ ഓഫറില്‍ വീണു. മിലാന്‍ ആറര ദശലക്ഷം പൗണ്ട് മുന്നോട്ട് വെച്ചപ്പോള്‍ ബാഴ്‌സ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം പൗണ്ടാണ് ശമ്പളമായി നല്‍കുക.


ചാവി ഹെര്‍നാണ്ടസ് തന്റെ ടീമിന്റെ മധ്യനിരയില്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സിന് പകരം നില്‍ക്കാന്‍ പോന്ന താരത്തെയാണ് കെസിയില്‍ കാണുന്നത്. വാശിയോടെ പന്ത് പിടിച്ചെടുക്കാനും, പന്തുമായി കുതിക്കാനും ഗോളടിക്കാനും ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ക്ക് സാധിക്കും. അറ്റ്ലാന്റയില്‍നിന്ന് 32 ദശലക്ഷം പൗണ്ടിന് മിലാനിലെത്തിയ കെസി 223 മത്സരങ്ങളാണ് റൊസോനെറിക്കായി കളിച്ചത്. മിലാന്‍ ജഴ്‌സിയില്‍ 37 ഗോളുകളും 15 അസിസ്റ്റുകളും നടത്തിയ കെസി സീരി എ ലീഗ് കിരീടത്തിലും മുത്തമിട്ടു.

ബാഴ്‌സലോണയിലും കെസിയുടെ ഭയമില്ലാത്ത ഓട്ടം ഇനി കാണാം. ഇങ്ങനെ കളിക്കാന്‍ എവിടെ നിന്നാണ് കെസിക്ക് ധൈര്യം!? 25 വയസുള്ള താരം നല്‍കിയ മറുപടി ഇങ്ങനെ; എനിക്ക് ഓടിക്കളിക്കാന്‍ ഭയമില്ല, അതെന്റെ സ്വാഭാവികതയാണ്. കളിക്കളത്തില്‍ ഇങ്ങനെ ഓടിയിട്ട് ഞാന്‍ ധാരാളം സമ്പാദിക്കുന്നു. ആഫ്രിക്കയില്‍ ഒരു പിടി ഭക്ഷണത്തിനായി ആളുകള്‍ ദിവസവും രാവിലെ 30 കിലോമീറ്ററോളമാണ് നടക്കുന്നത്!

കഷ്ടതകളും ദാരിദ്ര്യവും അനുഭവിച്ചറിഞ്ഞ ഫ്രാങ്ക് കെസിയുടെ ജീവിതാനുഭവം മതിയാകും ബാഴ്‌സയുടെ മധ്യനിരയെ ഇനിയങ്ങോട്ട് പ്രചോദിതമാക്കാന്‍. ചാവി ഹെര്‍നാണ്ടസിന് കീഴില്‍ പുതിയൊരു ടീം തന്നെയാണ് പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്. ഗാവി, പെഡ്രി എന്നീ മധ്യനിരക്കാര്‍ക്കൊപ്പം ഫ്രാങ്ക് കെസിയും ചേരുമ്പോള്‍ ചാവിയുടെ തന്ത്രങ്ങള്‍ക്ക് ചിറക് വെക്കും. ടീമിലെ സീനിയര്‍ താരങ്ങളെ പതിയെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ചാവി.

Tags:    
News Summary - Barcelona’s new star, Franck Kessie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.