ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ഡിപോർട്ടിവോ അലാവെസിനെതിരായ മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ബാഴ്സലോണയുടെ സെർജിയോ അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലാവെസിനെതിരായ കളിയുടെ 41ാം മിനിറ്റിൽ പൊടുന്നനെ നെഞ്ചിലും കഴുത്തിലും വേദന അനുഭവപ്പെട്ട അർജൻറീന താരം വൈദ്യസഹായം തേടുകയായിരുന്നു.
മൈതാനത്തെ പ്രഥമശുശ്രൂഷക്കുശേഷം നടന്നുതന്നെ പുറത്തേക്കുവന്ന താരത്തെ പിന്നീട് കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റി. മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയിലെത്തിയ അഗ്യൂറോ പരിക്കുമാറി അടുത്തിടെയാണ് കളത്തിൽ തിരിച്ചെത്തിയത്.
മത്സരത്തിൽ ബാഴ്സലോണയെ ഡിപോർട്ടിവോ അലാവെസ് 1-1ന് തളച്ചിരുന്നു. 11 മത്സരങ്ങളിൽ ബാഴ്സയുടെ നാലാം സമനിലയാണിത്. നാലു കളികൾ മാത്രമാണ് ടീം ജയിച്ചത്. മൂന്നെണ്ണം തോൽക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു റൗണ്ടുകളിൽ ടീമിന് നേടാനായത് നാലു പോയൻറ് മാത്രം. 16 പോയൻറുമായി ബാഴ്സ ഒമ്പതാം സ്ഥാനത്താണ്. 24 പോയൻറ് വീതമുള്ള റയൽ മഡ്രിഡ്, സെവിയ്യ, റയൽ സോസിഡാഡ് ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
റിസർവ് ടീം കോച്ചായ സെർജി ബർയുവാെൻറ പരിശീലനത്തിലാണ് ബാഴ്സ ഇറങ്ങിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 49ാം മിനിറ്റിൽ മെംഫിസ് ഡിപായിയുടെ തകർപ്പൻ ഗോളിൽ ബാഴ്സയാണ് ലീഡെടുത്തത്. ഇടതുവിങ്ങിൽ ബോക്സിന് തൊട്ടുപുറത്തുനിന്ന് ഡച്ച് താരത്തിെൻറ വലങ്കാലൻ ഷോട്ട് വലയിലേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു. എന്നാൽ, ബാഴ്സയുടെ ലീഡിന് അധികം ആയുസ്സുണ്ടായില്ല. മൂന്നു മിനിറ്റിനകം ലൂയിസ് റിയോഹയുടെ സോളോ ഗോളിൽ അലാവെസ് ഒപ്പംപിടിച്ചു. ബാഴ്സ പ്രതിരോധത്തെ ഒന്നടങ്കം കബളിപ്പിച്ച റിയോഹ ഗോളി ആന്ദ്രെ ടെർസ്റ്റീഗനെയും ഡ്രിബിൾ ചെയ്ത് ഗോളടിക്കുകയായിരുന്നു. സെവിയ്യ 2-0ത്തിന് ഒസാസുനയെയും വലൻസിയ അതേ സ്കോറിന് വിയ്യാറയലിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.