ചാമ്പ്യൻസ്​ ലീഗിൽ ആറാം തമ്പുരാൻമാരായി ബയേൺ മ്യൂണിക്​; പി.എസ്​.ജിക്ക്​ നിരാശ

ലിസ്​ബൺ: യുവേഫ ചാമ്പ്യൻസ്​ ലീഗിൽ കന്നി കിരീടം ലക്ഷ്യമി​ട്ടെത്തിയ ഫ്രഞ്ച്​ ലീഗ്​ ചാമ്പ്യൻമാരായ പാരിസ്​ സെൻറ്​ ജെർമെയ്​ന്​ കണ്ണീരോടെ മടക്കം. പോർചുഗീസ്​ തലസ്​ഥാനമായ ലിസ്​ബണിൽ നടന്ന കലാശപ്പോരാട്ടത്തിൽ പി.എസ്​.ജിയെ ഏകപക്ഷീയമായ ഒരു ഗോളിന്​ കീഴടക്കി ബയേൺ മ്യൂണിക്ക്​ ആറാം തമ്പുരാൻമാരായി.

ചാമ്പ്യൻസ്​ ലീഗ്​ കൂടി നേടാനായതോടെ സീസണിൽ ട്രെബ്​ൾ തികക്കാനും ജർമൻ ചാമ്പ്യൻമാർക്കായി. കഴിഞ്ഞ എട്ടുസീസണിനിടെ ഇത്​ രണ്ടാം തവണയാണ്​ ബയേൺ ട്രെബ്​ൾ തികക്കുന്നത്​.


ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 59ാം മിനിറ്റില്‍ ബയേണിന് വേണ്ടി കിങ്​സ്​ലി കോമാനാണ്​ വിജയഗോൾ നേടിയത്​. ജോഷ്വ കിമ്മിഷി​െൻറ പാസിൽ നിന്നു​ം ഹെഡ്ഡറിലൂടെയാണ്​ കോമാൻ മുൻ ടീമി​െൻറ പ്രതീക്ഷകൾ തകർത്തത്​. 11 തവണ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ കടന്ന ബയേണി​െൻറ ആറാം കിരീടനേട്ടമാണിത്​. 2012-13 സീസണിലാണ്​ ബയേൺ അവസാനമായി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളായത്​.

ഫിനിഷിങ്ങിൽ പാളി പി.എസ്​.ജി

നെയ്​മർ, കിലിയൻ എംബാപ്പെ, റോബർട്ട്​ ലെവൻഡോസ്​കി എന്നീ പ്രമുഖർ അണിനിരന്ന ഫൈനലിൽ ടെന്നിസ്​ സ്​കോർ റിസൽട്ട്​ പ്രവചിച്ചവർ നിരവധിയാണ്​. എന്നാൽ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 59ാം മിനിറ്റിൽ പി.എസ്​.ജി അക്കാദമിയിലൂടെ വളർന്ന കോമാൻ തന്നെ മുൻ ടീമിന്​ പണി കൊടുത്തു.


മികച്ച കളി കെട്ടഴിച്ച്​ വി​ട്ടെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ്​ പി.എസ്​.ജിക്ക്​ വിനയായത്​. അതോടൊപ്പം തന്നെ ബയോൺ ഗോൾ കീപ്പർ മാനുവർ നോയറി​െൻറ മികച്ച രക്ഷപ്പെടുത്തലുകളും ടീമി​െൻറ ശ്രമങ്ങൾ വിഫലമാക്കി. 26ാം മിനിറ്റിൽ മികച്ച ഗോളവസരം അർജൻറീന താരം എയ്​ഞ്ചൽ ഡിമരിയ പുറത്തേക്ക്​ അടിച്ച്​ പാഴാക്കി കളഞ്ഞു. 19ാം മിനിറ്റിൽ നെയ്​മറി​െൻറ മികച്ച ഇടങ്കാലൻ ഷോട്ടും 71ാം മിനിറ്റിൽ മറ്റൊരു ശ്രമവും തടുത്തിട്ട നോയറാണ്​​ പി.എസ്​.ജിക്ക്​ വിലങ്ങു തടിയായത്​​.

അപരാജിതം ബയേൺ

ഒരു മത്സരം പോലും തോൽക്കാതെയാണ്​ ബയേൺ ജേതാക്കളായത്​. ചരിത്രത്തിൽ ആദ്യമായാണ്​ ഒരു ടീം ഈ നേട്ടം കൈവരിക്കുന്നത്​. റയൽ മഡ്രിഡിനും (567) ബാഴ്​സലോണക്കു​ം (517) ശേഷം ടൂർണമെൻറിൽ 500 ഗോൾ നേടുന്ന ആദ്യ ക്ലബെന്ന നേട്ടവും ബയേൺ സ്വന്തമാക്കി.

നോക്കൗട്ട്​ മത്സരങ്ങളിൽ നിന്ന്​ മാത്രമായി അവർ 19 ഗോളുകളാണ്​ അടിച്ച്​ കൂട്ടിയത്​. ലീഗ്​​ മത്സരങ്ങളിൽ നിന്നുള്ള 24 കൂടി ചേരുന്നതോടെ മൊത്തം ഗോൾനേട്ടം 43 ആയി. ടോട്ടൻഹാമിനെതിരെ നേടിയ 7-2​െൻറ എവേ വിജയവും ബാഴ്​സയോട്​ ക്വാർട്ടറിൽ നേടിയ 8-2​െൻറ വിജയവുമാണ്​ അതിൽ മികച്ചത്​.

പി.എസ്​.ജി ഗോൾ കീപ്പർ കൈലർ നവാസും മത്സരത്തിലൂടെ റെക്കോഡിട്ടു. ഹൻസ്​ ജോർജ്​ ബട്ടിനും (ബയേൺ, ബയേർ ലെവർകുസൻ) എഡ്വിൻ വാൻ ഡർ സാറിനും (മാഞ്ചസ്​റ്റർ യുനൈറ്റഡ്​, അയാക്​സ്​ ആംസ്​റ്റർഡാം) ശേഷം രണ്ട്​ വ്യത്യസ്​ഥ ടീമുകൾക്കായി ചാമ്പ്യൻസ്​ ലീഗ്​ കളിച്ച താരമായി നവാസ്​ മാറി.

മുന്നിൽ ഇനി റയലും മിലാനും

ചാമ്പ്യൻസ്​ ലീഗിൽ ആറാം കിരീടം സ്വന്തമാക്കിയ ബാവേറിയൻസ്​ കിരീട നേട്ടത്തിൽ ഇംഗ്ലീഷ്​ ജേതാക്കളായ ലിവർപൂളിനൊപ്പമെത്തി. കിരീടങ്ങളുടെ എണ്ണത്തിൽ സ്​പാനിഷ്​ ജേതാക്കളായ റയൽ മഡ്രിഡും (13) ഇറ്റാലിയൻ കരുത്തരായ എ.സി മിലാനും (ഏഴ്​) പിന്നിൽ മൂന്നാമതാണ്​ ബയേൺ.

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ പൂർത്തിയാക്കാൻ ബാക്കിയുള്ള നോക്കൗട്ട്​ മത്സരങ്ങൾ ഒറ്റ പാദമാക്കി ചുരുക്കി പൊതു വേദിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. പ്രീക്വാർട്ടറിൽ ചെൽസിയെയും (7-1), ക്വാർട്ടറിൽ ബാഴ്​സലോണയെയും (8-2) സെമിയിൽ ഒളിമ്പിക്​ ലിയോണിനെയും (3-0) തോൽപിച്ചായിരുന്നു ബയേണി​െൻറ ഫൈനൽ പ്രവേശനം.

ഫൈനലിലേക്കുള്ള വഴിയിൽ ജർമനിയിൽ നിന്ന്​ തന്നെയുള്ള രണ്ട്​ ക്ലബുകൾക്ക്​ പുറത്തേക്കുള്ള വഴി കാണിച്ച പി.എസ്​.ജിക്ക്​ അവസാന അങ്കത്തിൽ മറ്റൊരു ജർമൻ ക്ലബിനു മുന്നിൽ അടിതെറ്റി. പ്രീക്വാർട്ടറിൽ ബൊറൂസിയ ഡോർട്​മുണ്ടിനെ 3-2നും സെമിയിൽ ആർ.ബി ലെപ്​സിഷിനെയുമായിരുന്നു (3-0) നെയ്​മറും സംഘവും കീഴടക്കിയിരുന്നത്​. ക്വാർട്ടറിൽ ഇറ്റലിയിൽ നിന്നുള്ള അത്​ലാൻറയെ 2-1ന്​ തോൽപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.