മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാം പാദത്തിൽ ഇന്ന് മുൻ ചാമ്പ്യന്മാർ മുഖാമുഖം. അലയൻസ് അറീനയിൽ ആതിഥേയരായ ബയേൺ മ്യൂണിക്കിന് റയൽ മഡ്രിഡാണ് എതിരാളികൾ. ലോകത്തെ രണ്ട് മുൻനിര ക്ലബ്ബുകൾ തമ്മിലെ പോരാട്ടം യൂറോപ്യൻ ചാമ്പ്യന്മാരെ നിർണയിക്കുന്ന കലാശക്കളിയിലേക്ക് യോഗ്യരായവരെ തീരുമാനിക്കും. ക്വാർട്ടർ ഫൈനൽ ഇരുപാദങ്ങളിലുമായി ഇംഗ്ലീഷ് സംഘമായ ആഴ്സനലിനെ വീഴ്ത്തിയാണ് ബയേൺ കടന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് റയലിന്റെ വരവ്.
ജർമൻ ബുണ്ടസ് ലിഗയിലെ ബയേണിന്റെ അപ്രമാദിത്തത്തിന് അന്ത്യമിട്ട് ഇത്തവണ ബയേർ ലെവർകുസൻ കിരീടം നേടിയിരുന്നു. പരിശീലകൻ തോമസ് ടൂഷൽ വിടാനൊരുങ്ങുകയാണ്. ബുണ്ടസ് ലിഗ നഷ്ടമായ സാഹചര്യത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ കുറഞ്ഞൊന്നും ബയേൺ ആഗ്രഹിക്കുന്നില്ല. അപ്പുറത്ത് റയലാവട്ടെ സ്പാനിഷ് ലാ ലിഗ ചാമ്പ്യൻപട്ടം ഉറപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വമ്പന്മാരും ചാമ്പ്യന്മാരുമായ സിറ്റിയെതന്നെ മറിച്ചിട്ട് സെമിയിലെത്തിയ റയൽ കോച്ച് കാർലോസ് ആഞ്ചലോട്ടിക്ക് കീഴിൽ ഫൈനൽ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. സെമി രണ്ടാം പാദം സാൻഡിയാഗോ ബെർണാബ്യൂവിൽ നടക്കും. പി.എസ്.ജിയും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലാണ് രണ്ടാം സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.